സുമാത്രാ ദ്വീപിൽ പുതിയ ഇനം ഒറാങ്ങുട്ടാൻ
ഇന്‍ഡൊനീഷ്യൻ ദ്വീപിലെ വിദൂര വനമേഖലയില്‍ പുതിയയിനം ഒറാങ്ങുട്ടാന്‍ ആൾക്കുരങ്ങുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് പുതിയ സ്പീഷിസ് ആൾക്കുരങ്ങുകളെ കണ്ടെത്തുന്നത്.
സുമാത്രാ ദ്വീപിലെ ബാതാങ് തോറു വനത്തലാണ് തപാനുലി ഒറാങ്ങുട്ടാന്‍ എന്നറിയപ്പെടുന്ന പുതിയ ഇനത്തെ കണ്ടെത്തിയത്. ഒറാങ്ങുട്ടാനുകളില്‍ ബോര്‍ണിയന്‍, സുമാത്രന്‍ എന്നീ രണ്ടിനം മാത്രമാണുള്ളതെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഓസ്ടേലിയന്‍ നാഷണല്‍ സര്‍വ്വകലാശാലാ ഗവേഷകര്‍ 1997-ല്‍ ബാതാങ് തോറു വനത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഒറാങ്ങുട്ടാന്‍ കൂട്ടത്തെ കണ്ടെത്തി. ഇവ പുതിയ സ്പീഷിസാണെന്നാണ് ജനിതക പരിശോധനയില്‍ തെളിയിക്കപ്പെട്ടത്.
പോങ്കൊ തപാനുലിൻസസ് എന്നാണ് പുതിയ സ്പീഷിസിന്റെ ശാസ്ത്രനാമം. കറന്റ് ബയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു. പൊതു പൂര്‍വികരില്‍ നിന്നാണ് മൂന്നിനം ഒറാങ്ങുട്ടാനുകളും ഉരുത്തിരിഞ്ഞത്. 34 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവ വ്യത്യസ്ത സ്പീഷിസുകളായി പരിണമിച്ചതെന്ന് ഗവേഷകര്‍ കരുതുന്നു. എണ്ണൂറില്‍ താഴെ എണ്ണം മാത്രമുള്ള പുതു സ്പീഷിസ് ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ആള്‍ക്കുരങ്ങ് വര്‍ഗമായും പ്രഖ്യാപിക്കപ്പെട്ടു.