SEED News

മാതൃഭൂമി സീഡ് - ഹരിതകേരളം ക്ലാസ് പഠനം പരീക്ഷയ്ക്കല്ല, ജീവിത വിജയത്തിന്

ആലുവ: ജീവിതാനുഭവങ്ങളില്‍ നിന്ന് പരീക്ഷ പേടിയെ മാറ്റാനുള്ള കുറുക്കുവഴികള്‍ പകര്‍ന്നു നല്‍കി 'മാതൃഭൂമി' സീഡ് ഹരിതകേരളം പഠന ക്ലാസ്. വ്യത്യസ്ഥമാര്‍ന്ന മരങ്ങള്‍ കൊണ്ട് പെരിയാറിന്റെ തീരത്ത് തീര്‍ത്ത 'മാതൃഭൂമി' ആര്‍ബറേറ്റത്തില്‍ വെച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജീവിത വിജയത്തിന്റെ അറിവുകള്‍ പകര്‍ന്നു നല്‍കിയത്. 
സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിയുടെ ഹരിതോത്സവത്തിന്റെ ഭാഗമായാണ് ക്ലാസ് നടത്തിയത്. ആലുവ യു.സി. കോളേജ് അസിസ്റ്റന്റ് ചരിത്ര വിഭാഗം അസി. പ്രൊഫ. ട്രീസ ദിവ്യ ക്ലാസ് നയിച്ചു.
പരീക്ഷ കഴിഞ്ഞാല്‍ യഥാര്‍ത്ഥ പരീക്ഷണങ്ങള്‍ ആരംഭിക്കാനിരിക്കുന്നതേയുള്ളുവെന്ന് വിദ്യാര്‍ത്ഥികള്‍ മനസിലാക്കണമെന്ന് അവര്‍ പറഞ്ഞു. 
വ്യത്യസ്ഥമാര്‍ന്ന കഴിവുകള്‍ ഉള്ളവരാണ് കുട്ടികള്‍. ഓരോ കുട്ടിയ്ക്കും ഓരോരുത്തരില്‍ നിന്ന് വേറിട്ടായിരിക്കും ചിന്തിക്കുക. എന്നാല്‍ ഇവരെയെല്ലാവരേയും ഒരേ കുഴലിനുള്ളിലൂടെ കടത്തിവിടുകയാണ് പരീക്ഷയെന്ന സമ്പ്രദായത്തിലൂടെ. കുട്ടികളില്‍ നേരിടുന്ന പലരീതിയിലുള്ള സമ്മര്‍ദ്ദങ്ങളും ഇല്ലാതാക്കാന്‍ ക്ലാസ് മുറിയ്ക്കും സൗഹൃദങ്ങള്‍ക്കും കഴിയും. 
കുട്ടികളുമായി ഇടപഴുകുന്ന കാര്യത്തില്‍ അദ്ധ്യാപകരുടെ മനോഭാവത്തില്‍ പുതിയ കാലത്ത് മാറ്റം വന്നിട്ടുണ്ട്. നല്ല സുഹൃത്തുകളെ ഉണ്ടാക്കിയെടുക്കുകയാണ് കുട്ടികള്‍ ചെയ്യേണ്ടത്. അതേ സമയം ആണ്‍ - പെണ്‍ വിവേചനം ഈ കാലത്തിലുമുണ്ടെന്ന് അവര്‍ പറഞ്ഞു. 
പഠിക്കുന്ന കുട്ടികള്‍ ചിന്ത ഉപേക്ഷിക്കരുത്. പഠിക്കുന്ന കാര്യങ്ങള്‍ എങ്ങനെ നിത്യജീവിതത്തില്‍ പ്രയോഗിക്കാമെന്ന് വിദ്യാര്‍ത്ഥികള്‍ പരിശ്രമിക്കണമെന്നും അവര്‍ പറഞ്ഞു. ഹരിത കേരളം ജില്ല കോഡിനേറ്റര്‍ സുജിത് കരുണ്‍ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി വിജയത്തിന്റെ വലിയ മാതൃകയാണ് 'മാതൃഭൂമി' ആര്‍ബറേറ്റമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ്. സീതാരാമന്‍ ആര്‍ബറേറ്റത്തെ പറ്റി അറിവ് പകര്‍ന്ന് നല്‍കി. 
കുട്ടമ്മശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, തമ്മനം നളന്ദ പബ്ലിക്ക് സ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് എച്ച്.എസ്.എസ്., ആലുവ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ. ഇ.എം.എച്ച്.എസ്., തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പഠന ക്ലാസില്‍ പങ്കെടുത്തത്. 

November 18
12:53 2017

Write a Comment