മിഷ്മി കുന്നുകളില്‍ വര്‍ണം വിതറി 780 ഇനം അപൂര്‍വ്വ പക്ഷികള്‍
പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് അരുണാചല്‍ പ്രദേശിലെ മിഷ്മി കുന്നുകള്‍. പതിനായിരം അടിവരെ ഉയരമുള്ള ഈ കുന്നുകള്‍ ചൈനയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്നു.
മിഷ്മിയുടെ പ്രാധാന്യം എന്താണ്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പക്ഷികള്‍ ഇവിടെയാണുളളത്. ഏതാണ്ട് 780 ഇനം പക്ഷികളെ ഇതുവരെയായി മിഷ്മിയില്‍ പക്ഷി ഗവേഷകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാം അപൂര്‍വവും അത്യപൂര്‍വവുമായ ഇനം പക്ഷികള്‍. പല വര്‍ണങ്ങള്‍ ഇവയ്ക്കുണ്ട്. ഏറ്റവും ആകര്‍ഷകമായ വര്‍ണങ്ങളുള്ളത് വാര്‍ഡ്സ് ട്രോഗണ്‍ (Ward's trogon) എന്ന പക്ഷിയ്ക്കാണ്. റെഡ് ഹെഡഡ് ട്രോഗണ്‍ (Red-headed trogon) പക്ഷിക്കും കൂടുതല്‍ ഭംഗിയുണ്ട്. കേരളത്തിലും പശ്ചിമ ഘട്ടത്തിലുമുള്ള മലബാര്‍ ട്രോഗണ്‍ (Malabar trogon) പോലെ വര്‍ണപ്പൊലിമയില്‍ മുങ്ങി നില്‍ക്കുന്ന പക്ഷിയാണ് വാര്‍ഡ്സ് ട്രോഗണ്‍.
മിഷ്മി കുന്നുകളിലെ പക്ഷികള്‍ കൂടുതലും ഈ കുന്നിലും അരുണാചലിന്റെയും നാഗാലാന്റിന്റെയും കാടുകളില്‍ ഒതുങ്ങി നില്‍ക്കുന്നു. ഈ അതിര്‍ത്തി അവ വിടുന്നില്ല. എന്നാല്‍ ചൈനയിലും ഭൂട്ടാനിലും സിക്കിമിലും നേപ്പാളിലും ഈ പക്ഷികള്‍ വ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ വര്‍ണപ്പക്ഷികളെ കുറിച്ച് ആധികാരിക പഠനങ്ങള്‍ നടത്തിയിട്ടുള്ളത് അമേരിക്കന്‍ പക്ഷി ഗവേഷകനായ പമേല റാസ്മുസനാണ്. വാഷിങ്ങ്ടണിലെ സ്മിത്സോറിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഗവേഷകയായും മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രൊഫസറായും സേവനം അനുഷ്ഠിക്കുന്ന റാസ്മൂസന്‍ എഴുതിയിട്ടുള്ള ആധികാരിക ഗ്രന്ഥമാണ് 'Birds of South Asia'.
ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാര്യമായ പക്ഷി സര്‍വേകള്‍ നടന്നിട്ടില്ല. അതിവിദൂരതയില്‍ സ്ഥിതിചെയ്യുന്ന പക്ഷി ആവാസ കേന്ദ്രങ്ങളില്‍ ആയതിനാലാണ് സര്‍വേകള്‍ നടക്കാത്തത്. ഗുവാഹതിയില്‍ നിന്ന് കാറില്‍ യാത്ര ചെയ്താല്‍ നീണ്ട 30 മണിക്കൂര്‍ വേണം മിഷ്മി കുന്നുകളില്‍ എത്താന്‍. അതിര്‍ത്തി പ്രദേശങ്ങളും തന്ത്രപ്രധാനമായ സ്ഥലങ്ങളും ആയതിനാല്‍ കരസേനയുടെയും അതിര്‍ത്തി രക്ഷാസേനയുടെയും സഹായമില്ലാതെ കാട്ടില്‍ പ്രവേശിക്കാനോ നിരീക്ഷണങ്ങള്‍ നടത്താനോ കഴിയില്ല.
സാധാരണ പക്ഷി നിരീക്ഷകര്‍ക്കും ഗവേഷകര്‍ക്കും അപ്രാപ്യമായ പ്രദേശങ്ങള്‍ ആണിവ. അതുകൊണ്ടുതന്നെ പക്ഷി സര്‍വെക്ക് ആരും തുനിയാറില്ലെന്ന് ഡോ.സാലിം അലി തന്റെ ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. പക്ഷേ 1949ല്‍ തന്നെ തന്റെ സുഹൃത്ത് ധില്ലന്‍ റിപ്ലേയുടെ കൂടെ സാലിം അലി മിഷ്മി കുന്നുകളില്‍ എത്തിയിരുന്നു. പക്ഷേ കാര്യമായ സര്‍വേ നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചില വിദേശീയരും ഇന്ത്യാക്കാരായ ഗവേഷകരും അവിടെ എത്തി. പക്ഷേ, ആധികാരിക പഠനങ്ങള്‍ ഒന്നും നടത്താന്‍ കഴിഞ്ഞില്ല.