SEED News

പുതുതൊഴില് : സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് ശില്പശാല

 ആലപ്പുഴ: പുതുതലമുറയിലെ തൊഴില് സങ്കൽപ്പങ്ങള് പങ്കുവെച്ച് വിദ്യാർഥികൾക്ക് പ്രതീക്ഷകൾക്കൊപ്പം ആശങ്കകളും. ആലപ്പുഴ ലിയോ തേർട്ടിന്ത് ഹയർസെക്കന്ററി സ്കൂളിൽ മാതൃഭൂമി നടത്തിയ ‘‘ റീ ഇമാജിൻ ദി ഫ്യൂച്ചർ’’ ശില്പശാലയിലാണ് വിദ്യാർഥികൾ മനസ്സുതുറന്നത്.  
ഇവരുടെ ആശങ്കകൾക്ക് പോംവഴി നിർദ്ദേശിച്ച് വ്യക്തിത്വവികസന പരിശീലകൻ ടോംസ് ആന്റണിയും വിദ്യാർഥികൾക്ക് കൂട്ടായി. നഗരത്തിലെ  സ്കൂളുകളിൽനിന്ന് എട്ട് മുതൽ പത്തുവരെയുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചായിരുന്നു സെമിനാർ.
 പരമ്പരാഗതമായി തൊഴിൽ സാധ്യതകൾ പറഞ്ഞ് വിദ്യാർഥികളെ നിർബന്ധപൂർവം കോഴ്സുകളിലേക്ക് തള്ളിവിടുന്നത് അവരെ അടിച്ചമർത്തുന്നതാണെന്ന് ടോംസ് ആന്റണി പറഞ്ഞു. തൊഴിൽ സന്തോഷം പകർന്ന് വിനോദമായി രൂപാന്തരപ്പെടണം. മാറുന്ന തൊഴിൽ സങ്കല്പങ്ങൾക്കനുസരിച്ച് സ്വന്തമായി അഭിരുചി വളർത്തിയെടുത്താൽ വിജയം ഉറപ്പെന്ന ടോംസ് ആന്റണിയുടെ വാക്കുകൾ വിദ്യാർഥികൾക്ക് ആത്മവിശ്വാസം പകർന്നു. 
ഇതിനൊടനുബന്ധിച്ച് നടന്ന സംവാദത്തിൽ വിദ്യാർഥികൾ പുതിയകാലഘട്ടത്തിൽ  തിരഞ്ഞെടുക്കാനാഗ്രഹിക്കുന്ന തൊഴിലിനെക്കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കുവെച്ചു. ലീയോ തേർട്ടീന്ത് സ്കൂൾ പ്രിൻസിപ്പൽ എ.സേവ്യർകുട്ടിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ലീയോ തേർട്ടീന്ത് സീഡ് ടീച്ചർ കോ- ഓർഡിനേറ്റർ ജോസ് ആന്റണി സ്വാഗതം ആശംസിച്ചു. നഗരത്തിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മുഹമ്മദൻസ് ഹയർ സെക്കൻഡറി സ്കൂൾ, ലീയോ തേർട്ടീന്ത്  ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയവയിലെ വിദ്യാർഥികളും അധ്യാപകരും ശില്പശാലയിൽ പങ്കെടുത്തു. സംവാദത്തിലെ വിജയികൾക്ക് മാതൃഭൂമി യുണിറ്റ് മാനേജർ പുസ്തകങ്ങളും സമ്മാനമായി നൽകി. 

November 29
12:53 2017

Write a Comment

Related News