SEED News

എട്ടാം ക്ലാസുകാരിക്ക് രാഷ്ട്രപതിയാകണം; അതിരുകളില്ലാത്ത സ്വപ്നങ്ങളുമായി വിദ്യാർഥികൾ

 ഹരിപ്പാട്: എനിക്ക് രാഷ്ട്രപതിയാകണം. എട്ടാം ക്ലാസുകാരി വർഷയുടെ മറുപടിയിൽ കൂട്ടുകാരും അധ്യാപകരും ഞെട്ടിപ്പോയി. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിന് സ്റ്റേജിൽ കയറിനിന്നായിരുന്നു വർഷയുടെ മറുപടി.  പഠിച്ചാൽ പല ജോലികിട്ടും. പക്ഷേ, എന്റെ സ്വപ്നം അതിനും മീതെയാണ്. നന്മനിറഞ്ഞ ഭാരതമാണ് ഞാൻ സ്വപ്നം കാണുന്നത്. അതിന് രാഷ്ട്രപതിയാകണം. - കൈയടിയോടെയാണ് വർഷയുടെ വാക്കുകൾ സദസ്സ് എതിരേറ്റത്.  പള്ളിപ്പാട് നടുവട്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സംഘടിപ്പിച്ച ‘റീ ഇമാജിൻ ഫ്യൂച്ചർ’ സെമിനാറായിരുന്നു വേദി. കെ.ആർ. നാരായണന് നല്ല ഭക്ഷണം സ്വപ്നം കാണാൻപോലും കഴിയാത്ത ബാല്യമായിരുന്നു. പത്രവിതരണക്കാരനായിരുന്നു എ.പി.ജെ. അബ്ദുൾ കലാം. രാഷ്ട്രപതി ഭവനിലെ വാതിലുകൾ ഇവർക്കായി തുറന്ന നാടാണിത്. വർഷയുടെ സ്വപ്നവും സഫലമാകാം- സെമിനാർ നയിച്ച ടോംസ് ആന്റണി പറഞ്ഞു. മാറിയ വഴികളും പുതിയ തൊഴിൽ അവസരങ്ങളും പരിചയപ്പെടുത്തിയ സെമിനാറിൽ ഞാൻ ആരാകുമെന്ന് പറയാൻ കുട്ടികളോട് ആവശ്യപ്പെട്ടു. സിവിൽ സർവീസ് ലക്ഷ്യമിടുന്നവരും ഡോക്ടറും എൻജിനീയറുമാകാൻ തീർച്ചപ്പെടുത്തിയവരും സ്പേസ് സയൻസ് സ്വപ്നം കാണുന്നവരുമുണ്ടായിരുന്നു. 
 മാതൃഭൂമി പരിചയപ്പെടുത്തിയ പുതിയ തൊഴിൽ മേഖലകളിൽ കൈവയ്ക്കുമെന്ന് ചിലർ തുറന്നുപറഞ്ഞു. രക്ഷിതാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങളെപ്പറ്റിയുള്ള ആശങ്കകളാണ് ഒരുകൂട്ടം വിദ്യാർഥികൾ പങ്കുവച്ചത്. അഭിരുചിക്കിണങ്ങുന്ന തൊഴിലുകൾ സ്വീകരിക്കാൻ കുട്ടികളെ അനുവദിക്കണമെങ്കിൽ രക്ഷിതാക്കളെ ബോധവത്ക്കരിക്കേണ്ടിവരും. മാതൃഭൂമി ഇക്കാര്യത്തിൽ വഴികാട്ടണമെന്ന അഭിപ്രായവും ഉയർന്നു. സ്കൂൾ ക്ലാസുകളിൽ തന്നെ ഓരോരുത്തരുടെയും തൊഴിൽ അഭിരുചി തിരിച്ചറിയണം. അധ്യാപകർക്ക് ഇക്കാര്യത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയും. പാഠ്യപദ്ധതികളിലും പുതിയ കാലത്തിനനുസിരിച്ചുള്ള പരിഷ്ക്കാരം വേണ്ടിവരുമെന്ന നിർദേശവും സെമിനാറിൽ ഉയർന്നു.ഹെഡ്മിസ്ട്രസ് സി.എസ്.ഗീതാകുമാരി അധ്യക്ഷയായി. മാതൃഭൂമി യൂണിറ്റ് മാനേജർ സി. സുരേഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പൽ കെ.ബി.ഹരികുമാർ, സീനിയർ അസിസ്റ്റന്റ് വി.ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി ആർ.കെ.സുധീർ, മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ സി.ജി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

November 29
12:53 2017

Write a Comment

Related News