മട്ടന്നൂർ മഹാദേവക്ഷത്ര തീപ്പുറത്ത് വയലിൽ സീഡംഗങ്ങളുടെ പച്ചക്കറിത്തോട്ടമൊരുങ്ങി
മട്ടന്നൂർ മഹാദേവക്ഷേത്രത്തിന്റെ തീപ്പുറത്ത് വയലിൽ സീഡ് പ്രവർത്തകർ പച്ചക്കറിക്കൃഷി ഒരുക്കുന്നു. ക്ഷേത്രത്തിന്റെ വയലിൽ, ക്ഷേത്രട്രസ്റ്റ് നടത്തുന്ന ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂളിലെ സീഡ് പ്രവർത്തകരാണ് പച്ചക്കറിത്തോട്ടമൊരുക്കുന്നത്. 10 സെന്റ് സ്ഥലത്ത് വെണ്ട, തക്കാളി, പയർ, പടവലം, വെള്ളരിക്ക, കുമ്പളങ്ങ എന്നിവയാണ് കൃഷിചെയ്യുന്നത്.
കൃഷി പരിപാലിക്കാനും വെള്ളം കോരാനും വളമിടാനും കുട്ടികൾ തീപ്പുറത്ത് വയലിലുണ്ടാകും. കഴിഞ്ഞ പ്രാവശ്യം സ്കൂളിന്റെ വക സ്ഥലത്ത് പച്ചക്കറിക്കൃഷിയിറക്കി മികച്ച വിളവ് കൊയ്ത് സീഡ് പ്രവർത്തകർ മാതൃകയായിരുന്നു. ഓണച്ചന്തയും ഓണസദ്യയുമൊരുക്കാൻ ഈ വിളവാണ് കുട്ടികൾ ഉപയോഗിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.അനിതാവേണു നിർവഹിച്ചു. വാർഡംഗം പി.വി.ധനലക്ഷ്മി അധ്യക്ഷയായിരുന്നു. ചടങ്ങിൽ, മട്ടന്നൂർ കൃഷി ഓഫീസർ സി.ആർ.രാഗേഷ് പദ്ധതി വിശദീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ.കെ.ശോഭന, ക്ഷേത്രട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ പി.എ.ശ്രീധരൻ നമ്പ്യാർ, പി.ടി.എ. വൈസ് ചെയർമാൻ ഇ.സോമൻ, വൈസ് പ്രിൻസിപ്പൽ എം.ശ്രീലത, സീഡ് കോ ഓർഡിനേറ്റർ എ.ഷീനശ്രീ, പരിസ്ഥിതി ക്ലബ് കോ ഓർഡിനേറ്റർ കെ.സിന്ധു, എ.വി.ബാബുരാജ്, സീഡ് ലീഡർമാരായ ഋഷികേശ് ബാബു, കെ.കെ.ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു.
December 18
12:53
2017