environmental News

നാട്ടുമാവിൻ തണലൊരുക്കാൻ മാതൃഭൂമിക്കൊപ്പം വന്ദനാശിവയും

സീഡ്  പ്രവർത്തനങ്ങൾ പ്രതീക്ഷ നൽകുന്നുവെന്ന് വന്ദനാശിവ

ചക്കുളത്തുകാവ്: മാതൃഭൂമി സീഡ് പദ്ധതി ‘നാട്ടുമാഞ്ചോട്ടിൽ’ വ്യാപനത്തിന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദനാശിവയും പങ്കാളിയായി. ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്ന പരിപാടിയിലാണ് വന്ദനാശിവ കുട്ടികൾക്കൊപ്പം നാട്ടുമാവിൻ തൈ നട്ട് പദ്ധതിയിൽ പങ്കാളിയായത്.  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും പ്രതീക്ഷ നൽകുന്നതുമാണെന്ന് വന്ദനാശിവ പറഞ്ഞു. കുട്ടികളോട് പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ആശയവിനിമയം നടത്തിയ അവർ ജൈവവൈവിധ്യങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും ജൈവ ആഹാരം ശീലമാക്കുന്നതിന്റെ ആവശ്യകതയെപ്പറ്റിയും വിദ്യാർഥികളെ ബോധവാന്മാരാക്കി. വൈവിധ്യമാർന്ന മാവും അവയുടെ മണവും നിറവും രുചിയും ജൈവവൈവിധ്യത്തിന്റെ മാതൃകകൂടി
യാണ്. കീടനാശിനികളുടെ അമിതപ്രയോഗം നാട്ടിലെ വസന്തത്തെ ഇല്ലാതാക്കിയിരിക്കുന്നു. പരിസ്ഥിതിയെ തകിടംമറിക്കുന്ന കാലഘട്ടത്തിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. സീഡ് ക്ലബ്ബിലെ കുട്ടികളുടെ പങ്കാളിത്തം ആഹ്ലാദകരമാണ്. വളർന്നുവരുന്ന തലമുറയിലൂടെമാത്രമേ പരിസ്ഥിതിസംരക്ഷണം സാധ്യമാകുകയുള്ളൂവെന്നും വന്ദനാശിവ പറഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു.
കോട്ടൂർകോണം വിഭാഗത്തിൽപ്പെട്ട നാട്ടുമാവിൻ തൈയാണ് നട്ടത്. ചക്കുളത്തുകാവ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, പി.ആർ.ഒ. സുരേഷ് കാവുംഭാഗം, സ്കൂൾ സീഡ് കോ-ഓഡിനേറ്റർ ആർ.രാജേഷ്, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ, ന്യൂസ് എഡിറ്റർ എസ്.പ്രകാശ്, ചീഫ് റിപ്പോർട്ടർ എസ്.ഡി.വേണുകുമാർ, സീഡ് എക്സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

January 02
12:53 2018

Write a Comment