reporter News

വഴിയോര തണൽമരങ്ങളിൽ ആണിതറച്ച് പരസ്യബോർഡുകൾ

ചാരുംമൂട്: നിയമവിരുദ്ധമായി തണൽമരങ്ങളിൽ ആണിതറച്ച് ബോർഡുകൾ സ്ഥാപിക്കുന്നത് തുടരുന്നു. കായംകുളം-പുനലൂർ റോഡിന്റെ വശങ്ങളിൽ നില്ക്കുന്ന മരങ്ങളിലാണ് ആണിതറച്ച് പരസ്യബോർഡുകൾ സ്ഥാപിക്കുന്നത്. തണൽമരങ്ങളിൽ ആണിതറച്ച ഭാഗത്തുനിന്ന് ഉണങ്ങി മരങ്ങൾ നശിക്കുന്നു. കൊടുംവേനലിൽ വഴിയാത്രക്കാർക്ക് തണലേകുന്ന മരങ്ങളെയാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്.  കായംകുളത്തുനിന്ന് കിഴക്കോട്ട് അടൂർവരെയുള്ള ഇരുപതോളം മരങ്ങളിലാണ് ആണി തറച്ച് ബോർഡുകൾ വച്ചിട്ടുള്ളത്. സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുനൽകി ബോർഡുകളും ആണികളും നീക്കം ചെയ്യണമെന്ന് താമരക്കുളം വി.വി.എച്ച്.എസ്.എസ്. മാതൃഭൂമി സീഡ്ക്ലബ്ബ് ആവശ്യപ്പെട്ടു. വനംവകുപ്പ് അധികൃതരുടെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണം. കുറ്റക്കാർക്കെതിരേ നടപടി വേണം.
തണൽമരങ്ങളെ ഇത്തരത്തിൽ നശിപ്പിക്കുന്നതിനെതിരേ താമരക്കുളം വി.വി.എച്ച്.എസ്.എസ്. സീഡ് ക്ലബ് വനംവകുപ്പ് മന്ത്രിക്ക് 2012ൽ നിവേദനം നല്കി. ഇതേത്തുടർന്ന് തണൽമരങ്ങളിൽ ആണിതറച്ചും മറ്റും പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിറക്കി. ഉത്തരവ് നിലവിൽ ഉണ്ടായിട്ടും മരങ്ങളിൽ ആണി തറച്ച് പരസ്യബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു.
വഴിയോര തണൽമരങ്ങളുടെ ചുവട്ടിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവ് കാഴ്ചയാണ്. 
ചോദ്യം ചെയ്യപ്പെടാത്തത് കൊണ്ട് ഇതും ആവർത്തിക്കപ്പെടുകയാണ്. വനംവകുപ്പ് അധികൃതർ  ഇത്തരം പ്രവർത്തനങ്ങൾക്കെതിരേയും കർശന നടപടി സ്വീകരിക്കണം.   

March 23
12:53 2018

Write a Comment