സ്കൂൾ കോമ്പൗണ്ടിൽ മാലിന്യ കൂമ്പാരം; കൃഷിത്തോട്ടം തകർക്കുന്ന സാമൂഹ്യ വിരുദ്ധർ – അടിയന്തിര നടപടി വേണമെന്ന് ആവശ്യം
മണ്ണയ്ക്കനാട് :മണ്ണയ്ക്കനാട് ഗവൺമെന്റ് യു.പി സ്കൂൾ കോമ്പൗണ്ടും പരിസരവും മാലിന്യങ്ങൾ വലിച്ചെറിയുന്ന കേന്ദ്രമായി മാറിയതോടെ വിദ്യാർത്ഥികളും അധ്യാപകരും കടുത്ത ആശങ്കയിൽ. പച്ചക്കറി കൃഷിക്കും ഗാർഡനിങ്ങിനുമായി കാടുവെട്ടി ശുചീകരിച്ച് മനോഹരമായ കൃഷിത്തോട്ടമൊരുക്കിയ സ്കൂൾ പരിസരമാണ് ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ മാലിന്യ തള്ളൽ കേന്ദ്രമായി മാറുന്നത്.
പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ കവറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള മാലിന്യങ്ങൾ കെട്ടുകളായി സ്കൂൾ കോമ്പൗണ്ടിലേക്കും തോട്ടത്തിനിടയിലേക്കും വലിച്ചെറിയുന്ന സ്ഥിതിയാണ്. ഇതുമൂലം ദുര്‍ഗന്ധവും ആരോഗ്യ ഭീഷണിയും ഉയരുന്നതോടൊപ്പം വിദ്യാർത്ഥികളുടെ സുരക്ഷയും ശുചിത്വവും ബാധിക്കപ്പെടുന്നു.
ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് പ്രകൃതിയോടുള്ള സ്‌നേഹവും കൃഷിയോടുള്ള താൽപ്പര്യവും വളർത്തുന്നതിനായി ആരംഭിച്ച പച്ചക്കറി കൃഷി പദ്ധതിക്കാണ് ഈ മാലിന്യ പ്രശ്നം വലിയ തിരിച്ചടിയാകുന്നത്.
അധികാരികൾ അടിയന്തിരമായി ഇടപെട്ട് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും സുരക്ഷ ശക്തമാക്കാനും നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഡി .ശ്രീശങ്കർ , ക്ലാസ് - 7 ,
സീഡ് റിപ്പോർട്ടർ,
ജി.യു.പി.എസ്. മണ്ണയ്ക്കനാട്
March 06
12:53
2026


