environmental News

തിമിംഗലം ചത്ത് തീരത്തടിഞ്ഞു, വയറിനുള്ളില്‍ നിന്ന് ലഭിച്ചത് 30 കിലോ പ്ലാസ്റ്റിക് മാലിന്യം

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മൂലം മനുഷ്യനും മറ്റു ജീവികളും നേരിടുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. ഉപയോഗ ശേഷം മനുഷ്യന്‍ കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ കടല്‍ ജീവികള്‍ക്കുണ്ടാക്കുന്ന ദുരിതം പലപ്പോഴും നാം തിരിച്ചറിയാറില്ല. ഈ അവസ്ഥയുടെ ഉദാഹരണമാണ് അടുത്തിടെ സ്‌പെയിനിലെ ഒരു കടല്‍ത്തീരത്ത് കണ്ടത്. ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്റെ വയറ്റില്‍ കണ്ടെത്തിയത് 30 കിലോയോളം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.

സ്‌പെയിനിന്റെ തെക്കുകിഴക്കന്‍ തീരപ്രദേശമായ കാബോ ഡി പലോസയിലാണ് 33 അടി നീളമുള്ള തിമിംഗലത്തിന്റെ മൃതദേഹം അടിഞ്ഞത്. മൃതദേഹം പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്റെ വയറ്റിനുള്ളില്‍നിന്ന് വലിയതോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയത്. ബാഗുകള്‍, കയര്‍, വലയുടെ ഭാഗങ്ങള്‍, വീപ്പ, ചാക്ക് തുടങ്ങി നിരവധി വസ്തുക്കളാണ് തിമിംഗലത്തിന്റെ വയറ്റില്‍ ഉണ്ടായിരുന്നത്. വര്‍ധിച്ച തോതില്‍ വയറ്റിലെത്തിയ ഇത്തരം വസ്തുക്കള്‍ ദഹിക്കാതെ പുറന്തള്ളാനും സാധിക്കാതെ വയറ്റില്‍ കെട്ടിക്കിടന്നതാണ് തിമിംഗലം ചാകാന്‍ കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വളരെ നീളമുള്ളതാണെങ്കിലും മലിഞ്ഞ് ഒട്ടിയതായിരുന്നു തിമിംഗലത്തിന്റെ ശരീരം. ഏഴ് ടണ്‍ മാത്രമായിരുന്നു തിമിംഗലത്തിന്റെ ഭാരം. സാധാരണയായി ഈ ഇനം തിമിംഗലങ്ങള്‍ക്ക് 45 ടണ്‍ വരെ ഭാരം ഉണ്ടാവേണ്ടതാണ്. പ്രായപൂര്‍ത്തിയാകാത്ത തിമിംഗലത്തിനു പോലും 15 ടണ്‍ ഭാരം കാണും. ആഴക്കടലില്‍ ഏകദേശം 2,000 അടിവരെ ആഴമുള്ള ഭാഗത്ത് ജീവിക്കുന്ന ഇത്തരം തിമിംഗലങ്ങളുടെ ഭക്ഷണം വലിയ ഇനം കണവ, സ്രാവുകള്‍, മറ്റു മത്സ്യങ്ങള്‍ തുടങ്ങിയവയാണ്. 

തിമിംഗലത്തെ കണ്ടെത്തിയതിനെ തുടര്‍ന്ന് മുര്‍സിയയിലെ പ്രാദേശിക ഭരണകൂടം കടല്‍ മലിനീകരണത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കി വരികയാണ്. കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കംചെയ്യുക, കടലില്‍ നിക്ഷേപിക്കപ്പെട്ട മാലിന്യത്തിന്റെ തോത് കണക്കാക്കുകയും അതിന്റെ ഭീകരത ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുക തുടങ്ങിയവ ഉള്‍പ്പെടുന്നു. മനുഷ്യന്‍ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കടല്‍ ജീവികളുടെ ജീവനെടുക്കുന്നുണ്ടെന്ന് മുര്‍സിയയിലെ പരിസ്ഥിതി വകുപ്പിന്റെ തലവന്‍ കോണ്‍സ്വേലോ റൊസോറോ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം ഇന്‍ഡോനീഷ്യയിലും 29 അടി നീളമുള്ള തിമിംഗലം ചത്ത് തീരത്തടിഞ്ഞിരുന്നു. ബ്രിട്ടണ്‍, നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ജര്‍മനി എന്നിവടങ്ങളിലായി 30ല്‍ അധികം തിമിംഗലങ്ങളാണ് അടുത്ത കാലത്ത് ചത്ത് തീരത്തടിഞ്ഞത്. ഇവയുടെയെല്ലാം മരണ കാരണം ശരീരത്തിനുള്ളില്‍ വന്‍തോതില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളായിരുന്നെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

April 13
12:53 2018

Write a Comment