environmental News

മാറ്റത്തിനായി വിദ്യാര്‍ഥികള്‍ കൈകോര്‍ക്കണം - എറിക് സോള്‍ഹൈം

കൊച്ചി: പ്രകൃതിയെയും മണ്ണിനെയും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കാന്‍ കൈകള്‍ നീട്ടി പ്രതിജ്ഞയെടുത്ത നൂറുകണക്കിന് വിദ്യാര്‍ഥികളെ സാക്ഷിയാക്കി എറിക് സോള്‍ഹൈം പറഞ്ഞു: 'ഉറപ്പായും ഈ ലോകത്തെ മാറ്റാന്‍ നമുക്കാകും... നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ ഈ ഭൂമിയെ സംരക്ഷിച്ച് കൂടുതല്‍ സുന്ദരമാക്കാന്‍ നമുക്കാകും...' - നിറഞ്ഞ കൈയടികള്‍ സാക്ഷിയായി എറിക് വാചാലനാകുമ്പോള്‍ മാതൃഭൂമി 'സീഡ്' പത്താണ്ടിന്റെ ധന്യതയില്‍ പുതിയ ലക്ഷ്യങ്ങളിലേക്ക് മിഴിതുറന്നു.
 കളമശ്ശേരി സെയ്ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് 'സീഡി'ന്റെ പത്താം വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഐക്യരാഷ്ട്രസഭയുടെ എന്‍വയണ്‍മെന്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍ എറിക് സോള്‍ഹൈം നിര്‍വഹിച്ചത്. 
മാനവികശേഷി വികസനത്തിലും ഊര്‍ജസംരക്ഷണ കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിന് പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളിലും മാതൃകയാകാന്‍ കഴിയുമെന്നതിന്റെ മായാത്ത അടയാളമാണ് 'സീഡ്' എന്ന് സോള്‍ഹൈം പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്ന് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗമാണ്. 
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാനും പുനരുപയോഗിക്കാനുമുള്ള ശീലം വളര്‍ത്തിയെടുത്തേ മതിയാകൂ. അതിനായി വിദ്യാര്‍ഥികള്‍ ഒരുമിച്ച് 
കൈകോര്‍ത്താല്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും എറിക് പറഞ്ഞു.
പാരിസ്ഥിതിക അവബോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇനിയുമേറെ മാറേണ്ടിയിരിക്കുന്നുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. മാലിന്യത്തിന്റെ ഉറവിട കേന്ദ്രങ്ങളില്‍ തന്നെ അത് സംസ്‌കരിക്കുന്നതിനുള്ള രീതികളും ശീലവും വരണം. അടുക്കളയിലെ മാലിന്യങ്ങള്‍ തെരുവിലേക്ക് വലിച്ചെറിയാനാണ് നമുക്ക് തിടുക്കം. പ്ലാസ്റ്റിക് എന്ന മഹാവിപത്തിനെതിരേയും സമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇക്കാര്യങ്ങളിലെല്ലാം 'സീഡി'ന് വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. 
പരിസ്ഥിതിയെ അല്പംപോലും നോവിക്കാതെയാകും 'മാതൃഭൂമി'യുടെ ഓരോ പ്രവര്‍ത്തനവും നടത്താന്‍ ശ്രമിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച 'മാതൃഭൂമി' ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ഭൂമിയില്‍ മനുഷ്യരെപ്പോലെ എല്ലാ പക്ഷിമൃഗാദികള്‍ക്കും സസ്യലതാദികള്‍ക്കും അവകാശമുണ്ട്. ഈ ഓര്‍മയോടെയാണ് 'സീഡ്' വിദ്യാര്‍ഥികളുമായി സമൂഹത്തിലേക്കിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
 ഏഴായിരത്തോളം സ്‌കൂളുകള്‍, ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍, ലക്ഷക്കണക്കിന് ചെടികള്‍ എന്നിങ്ങനെ അവിശ്വസനീയമായി തോന്നുന്ന കണക്കുകളിലൂടെ പരിസ്ഥിതി സംരക്ഷണത്തില്‍ കേരളത്തിന്റെ വിശ്വസ്തമുഖമായി മാറാന്‍ 'സീഡി'ന് കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യാതിഥിയായിരുന്ന ഫെഡറല്‍ ബാങ്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശാലിനി വാരിയര്‍ പറഞ്ഞു. 
'ഹരിത കേരളം' പദ്ധതിക്ക് 'സീഡ്' നല്‍കുന്ന പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും വളരെ വലുതാണെന്ന് പ്രത്യേക പ്രഭാഷണം നടത്തിയ 'ഹരിത കേരളം' എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമ പറഞ്ഞു. 
ചടങ്ങില്‍ ഫോറസ്റ്റ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.എ. മുഹമ്മദ് നൗഷാദ്, അഡീഷണല്‍ ഡി.പി.ഐ. ജിമ്മി കെ. ജോസ്, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയകുമാര്‍ വര്‍മ, യു. എന്‍.ഇ.പി. ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗം ഓപ്പറേഷന്‍സ് മാനേജര്‍ മുരളി തുമ്മാരുകുടി എന്നിവര്‍ ആശംസ നേര്‍ന്നു.
'മാതൃഭൂമി' എക്സിക്യൂട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് സ്വാഗതവും സെയ്ന്റ് പോള്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ഡഗ്ലസ് പിന്‍ഹീറോ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി നളന്ദ പബ്ലിക് സ്‌കൂള്‍, സെയ്ന്റ് പോള്‍സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. 
നേരത്തെ ആലുവയിലെ പുഴയോരത്തെ മാതൃഭൂമി മാതൃകാത്തോട്ടം എറിക് സോള്‍ഹൈം സന്ദര്‍ശിച്ചു. പ്രകൃതിയോട് ചേര്‍ന്നുനിന്ന് മാതൃകാപരമായി നടത്തുന്ന ഈ തോട്ടം വലിയൊരു അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

May 29
12:53 2018

Write a Comment