environmental News

ഇടയിലക്കാട് കാവിൽ സിസിലിയനെ കണ്ടെത്തി

ഇടയിലക്കാട് കാവിനെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി ഉയർത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉഭയജീവി സർവേ നടത്തി. മണ്ണിനകത്തെ ആവാസവ്യവസ്ഥയിലെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന സിസിലിയൻസിനെ കുറിച്ച് പഠനം നടത്തുന്നതിനാണ് സർവേ .

ഭൂമധ്യരേഖാ പ്രദേശത്ത് കാണപ്പെടുന്ന സിസിലിയനുകൾ ഇന്ത്യയിൽ തെക്ക്, വടക്കുകിഴക്കൻ മേഖലകളിലാണ് പ്രധാനമായും കാണപ്പെടുന്നത്. മുപ്പതോളം ഇനങ്ങളിൽ സിസിലിയൻ കാണപ്പെടുന്നുണ്ട്. അതിൽ ഒരിനത്തെയാണ് ഇവിടത്തെ മണ്ണിൽ കണ്ടെത്തിയത്. മണ്ണിര, ഉറുമ്പ്, ചിതലുകൾ, ചെറുപാമ്പുകൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം

കരയിലും ചതുപ്പിലും കാണപ്പെടുന്ന ഉഭയജീവികളായ സിസിലിയനുകളെപ്പറ്റി കൂടുതൽ പഠനം ഇടയിലക്കാട്ടിൽ നടക്കും. ഇടയിലക്കാട് നവോദയ വായനശാല ആൻഡ്‌ ഗ്രന്ഥാലയത്തിനാണ് പഠനച്ചുമതല. കേരള കേന്ദ്ര സർവകലാശാലയിലെ അനിമൽ സയൻസ് അസി. പ്രൊഫ. ഡോ. കെ.രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പഠനം. കാവിന്റെ പഠനത്തിനായി രൂപവത്‌കരിച്ച വിദഗ്ധ കമ്മിറ്റിയംഗമാണ് അദ്ദേഹം. വി.രഞ്ജിത്ത്, പി.ഷംന, ആനന്ദ് പേക്കടം, പി.വേണുഗോപാലൻ, വി.കെ.കരുണാകരൻ, പി.വി.പ്രഭാകരൻ, ജഗദീശൻ വലിയപറമ്പ്, എ.സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


June 22
12:53 2018

Write a Comment