SEED News

താരങ്ങൾ പുസ്തകങ്ങളായി... വലനിറച്ച് ഗോൾ ഒഴുക്ക്

ചേർത്തല: ഇവിടെ മെസിയും റൊണാൾഡോയും നെയ്മറും ഗോളടിക്കാരല്ല. ഇവർ ഗോളായി പെയ്തിറങ്ങുകയാണ്. ചേർത്തല ഗവൺമെന്റ് ഗേൾസ് സ്‌കൂളിൽ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശത്തിലാണ് താരങ്ങളും രാജ്യങ്ങളും ഗോളായി നിറയുന്നത്. കാൽപന്തിന്റെ ആവേശത്തിനൊപ്പം വായനയുടെ പ്രാധാന്യവും കോർത്തിണക്കിയാണ് വിദ്യാർഥികളുടെ ഗോളടി.
വായനവാരാചരണവുമായി ചേർത്താണ് പുസ്തകങ്ങൾ കൊണ്ടുള്ള ഗോളടി മത്സരം. സ്‌കൂളിൽ ഒരുക്കിയിരിക്കുന്ന ഗോൾ പോസ്റ്റിലെ പുസ്തക കുട്ടയിലാണ് ഇഷ്ടതാരങ്ങളുടെയും രാജ്യങ്ങളുടെയും പേരിൽ പുസ്തകങ്ങൾ ഗോളായി ഇടുന്നത്. ഓരോ ക്ലാസുകളെ രാജ്യങ്ങളായി തിരിച്ചാണ് മത്സരം. ലോകകപ്പ് അടുത്ത റൗണ്ടിലേക്കെത്തുമ്പോൾ പുസ്തകങ്ങൾ (ഗോളുകൾ) എണ്ണി ഏറ്റവും കൂടുതൽ പുസ്‌കങ്ങളുള്ള രാജ്യത്തിനു (ക്ലാസിനു) കപ്പും താരത്തിനെ മികച്ച താരമായും തിരഞ്ഞെടുക്കും.
വ്യത്യസ്തമായൊരുക്കിയ ലോകകപ്പ് ആവേശത്തിൽ വിദ്യാർഥിനികൾ ആവേശത്തോടെയാണ് പങ്കെടുക്കുന്നത്. ഇഷ്ടതാരങ്ങൾക്കും രാജ്യത്തിനുമായി കാമ്പയിനും വിദ്യാർഥിക്കൂട്ടങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ നിറയുന്ന പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിക്കായി നൽകി വികസിപ്പിക്കാനാണു തീരുമാനം.
പ്രിൻസിപ്പൽ ഐ.രാജശ്രീയാണ് ആദ്യ ഗോൾ കുട്ടയിലിട്ട് ഉദ്ഘാടനം ചെയ്തത്. അധ്യാപകരായ സി.എൻ.സതീശൻ, വി.സൈജു, നിനു എസ്.പത്മം എന്നിവരാണ് മത്സരത്തിനു ചുക്കാൻ പിടിക്കുന്നത്.  

June 22
12:53 2018

Write a Comment