environmental News

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്‍റെ അളവ് വര്‍ധിച്ചു

ജനീവ: ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവില്‍ 2016-ല്‍ വന്‍വര്‍ധയുണ്ടായതായി ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു.എം.ഒ.). എട്ടുലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വര്‍ധനയാണിത്. കഴിഞ്ഞ 10 വര്‍ഷത്തെ ശരാശരി വര്‍ധനയുടെ 50 ശതമാനത്തിലേറെ കാര്‍ബണ്‍ ഡയോക്‌സൈഡാണ് ഒറ്റവര്‍ഷംകൊണ്ട് അന്തരീക്ഷത്തില്‍ നിറഞ്ഞത്. ആഗോളതാപനം കുറയ്ക്കുക എന്ന പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

403.3 പാര്‍ട്‌സ് പെര്‍ മില്യണ്‍ (പി.പി.എം.) കാര്‍ബണ്‍ ഡയോക്‌സൈഡാണ് 2016-ല്‍ അന്തരീക്ഷത്തില്‍ കുമിഞ്ഞുകൂടിയത്. 2015-ല്‍ 400 പി.പി.എം. ആയിരുന്ന സ്ഥാനത്താണിത്. കാര്‍ബണ്‍ വാതകങ്ങള്‍ പുറത്തുവിടുന്ന മനുഷ്യന്റെ പ്രവൃത്തികളും എല്‍നിനോ പ്രതിഭാസവുമാണ് ഇതിന് കാരണമെന്ന് ഗവേഷകര്‍ പറഞ്ഞു. ഒരു വര്‍ഷത്തിനിടെ 3.3 പി.പി.എം. കാര്‍ബണ്‍ ഡയോക്‌സൈഡാണ് അന്തരീക്ഷത്തില്‍ നിറഞ്ഞതെന്ന് ഡബ്ല്യു.എം.ഒ.യിലെ ഡോ. ഓക്‌സാന തരസോവ പറഞ്ഞു. 

51 രാജ്യങ്ങളുടെ അന്തരീക്ഷമാണ് ഡബ്ല്യു.എം.ഒ. പഠിച്ചത്. ആഗോളതാപനം കൂട്ടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ അന്തരീക്ഷത്തിലെ സാന്നിധ്യമാണ് പഠനവിധേയമാക്കിയത്. 

കടുത്ത വരള്‍ച്ചയ്ക്കിടയാക്കുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എല്‍നിനോ. കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്യാനുള്ള മരങ്ങളുടെയും ചെടികളുടെയും കഴിവ് വരള്‍ച്ചമൂലം കുറയുന്നു. ഇത് കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കാര്‍ ഇടയാക്കുന്നു. 

രണ്ടുവര്‍ഷമായി മനുഷ്യനിര്‍മിത കാരണങ്ങളാല്‍ അന്തരീക്ഷത്തിലെത്തുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ്! കുറവാണ്. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ അന്തരീക്ഷത്തിലെത്തിയ കാര്‍ബണ്‍ ഡയോക്‌സൈഡിനൊപ്പമാണ് ഇതും ചേരുന്നത്. ഇതിന്റെ ഫലം നൂറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് തരസോവ പറഞ്ഞു. 

July 21
12:53 2018

Write a Comment