environmental News

ഡൽഹിയിൽ പൊടിക്കാറ്റിനെ ചെറുക്കാൻ ഹരിത മതിൽ

ന്യൂഡൽഹി നഗരത്തെ ശ്വാസം മുട്ടിക്കുന്ന പൊടിക്കാറ്റിനെ നേരിടാൻ വൃക്ഷ മതിൽ.  ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര–സംസ്ഥാന സർക്കാരുകളും വിവിധ ഏജൻസികളും ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാന അതിർത്തിയിൽ  31 ലക്ഷം വൃക്ഷങ്ങൾ അണിനിരക്കുന്ന ജൈവ മതിലാണു തയാറാക്കുക.

രാജസ്ഥാനിൽ നിന്നു വീശിയെത്തുന്ന പൊടിക്കാറ്റിനെ നേരിടുന്നതോടൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് കുറയ്ക്കാൻ വൃക്ഷങ്ങൾ നടുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ശാസ്ത്രീയ പഠനങ്ങൾക്കു ശേഷമാണു ഏതൊക്കെ മരങ്ങൾ നടണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചത്.

ഏറെ ഉയരത്തിൽ വളരുന്ന മാവ്, മഹാഗണി തുടങ്ങിയ വൃക്ഷങ്ങളാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. വേപ്പ്, ആൽ തുടങ്ങി ഓക്സിജൻ കൂടുതലായി പുറത്തേക്കു വിടുന്ന വൃക്ഷങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ വൃക്ഷതൈകളുടെ നടീൽ പൂർത്തിയാക്കും. ഇതിന്റെ നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ഡൽഹി ഡവലപ്മെന്റ് അതോറിറ്റി(ഡിഡിഎ), കേന്ദ്ര പൊതുമരാമത്ത് വകുപ്പ് (സിപിഡബ്ല്യുഡി), ഡൽഹി മെട്രോ, നോർത്തേൺ റെയിൽവേ, ഡൽഹി സംസ്ഥാന പിഡബ്ല്യുഡി, കോർപറേഷനുകൾ, നഗരസഭകൾ എന്നിവരെല്ലാം ഇതിൽ കൈകോർക്കും. ഏജൻസികളുടെ നേതൃത്വത്തിൽ 21 ലക്ഷം മരങ്ങളാകും നടുക. ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ നീളുന്ന വന മഹോത്സവവും ഇതിന്റെ ഭാഗമായി നടത്തും. പത്തു ലക്ഷത്തോളം വൃക്ഷതൈകൾ ഈ ഘട്ടത്തിൽ നടുകയാണു ലക്ഷ്യം. ജുനാപുർ, ആയാനഗർ, ദേരാമണ്ഡി, ബെല്ലാഫാം, ഗാഡിമണ്ഡു, ആലിപ്പുർ എന്നിവിടങ്ങളിലാണു പുതിയ വനമേഖല വികസിപ്പിക്കാനുള്ള പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്.

July 23
12:53 2018

Write a Comment