SEED News

പള്ളിപ്പുറം ഏലായിൽ നെൽക്കൃഷി: പ്രകൃതി സംരക്ഷണ ദിനാചരണം

കഴക്കൂട്ടം: പള്ളിപ്പുറം ഏലായിൽ സീഡിന്റെ നെൽക്കൃഷി പദ്ധതിക്ക് തുടക്കമായി. മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ഹരിതോത്സവ’ത്തിന്റെ ഭാഗമായുള്ള പ്രകൃതിസംരക്ഷണ ദിനാചരണത്തോടനുബന്ധിച്ചാണ് പാടശേഖരത്തിലെ തരിശുകിടന്ന ഒന്നര ഏക്കറിൽ കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായാണ്‌ വിവിധ വിദ്യാലയങ്ങളിലെ സീഡ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ പാടശേഖരം കൃഷിയോഗ്യമാക്കി വിത്തുവിതച്ചത്‌.

നെൽക്കൃഷിയിൽ കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുന്നതിനും കൃഷിരീതികൾ കുട്ടികളെ പഠിപ്പിക്കുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്. ‘ശ്രേയസ്സ്’ വിത്താണ് കൃഷി ചെയ്യുന്നത്. ഇതിനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ശനിയാഴ്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ഹരിതകേരളം മിഷൻ ടെക്‌നിക്കൽ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു. റോട്ടറി റീപ്പ് ചെയർമാൻ ആർ.മീനാകുമാരൻ നായർ അധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകനും മുൻ റീജണൽ പ്രോവിഡന്റ് കമ്മിഷണറുമായ എസ്.എസ്.നായരാണ് കൃഷിക്കാവശ്യമായ സാമ്പത്തികസഹായം നൽകുന്നത്. മാതൃഭൂമി സീനിയർ റിപ്പോർട്ടർ ആർ.ജയപ്രസാദ് ആമുഖ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ്, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശിവപ്രസാദ്, പ്രദീപ് വി.കൃഷ്ണൻ, കെ.വിജയകുമാർ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ താജ്ജുന്നിസ, അസിസ്റ്റന്റ് ഡയറക്ടർമാരായ, ബിന്ദു കുമാരി, ദീപാ വി., കണിയാപുരം എ.ഇ.ഒ. കെ.മോഹനകുമാർ, പി.ആർ.എ. പ്രസിഡന്റ് പി.കൃഷ്ണൻകുട്ടി നായർ, കാർഷിക കോളേജ് പ്രൊഫസർ ഷരീഫ്, കൃഷി അസിസ്റ്റന്റ് സിമി, പാടശേഖര സമിതി സെക്രട്ടറി ഭാസ്‌കരൻ നായർ എന്നിവർ സംസാരിച്ചു. അൻപതുവർഷമായി പള്ളിപ്പുറം പാടശേഖരത്തിൽ നെൽക്കൃഷിക്ക് നേതൃത്വം നൽകുന്ന മുതിർന്ന കർഷകൻ ശങ്കരൻ നായരെ ആദരിച്ചു.

പള്ളിപ്പുറം ജയകുമാറിന്റെ നേതൃത്വത്തിൽ ഇടവിളാകം യു.പി.എസ്., കണിയാപുരം കൈരളി വിദ്യാമന്ദിർ, മൺവിള ഭാരതീയ വിദ്യാഭവൻ സീഡ് ക്ലബ്ബുകൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൂർണമായും ജൈവകൃഷി രീതിയാണ് അവലംബിക്കുന്നത്.


July 30
12:53 2018

Write a Comment

Related News