മാധ്യമ പ്രവർത്തനം അടുത്തറിഞ്ഞ് ‘സീഡ് റിപ്പോർട്ടർ’മാർ
കോട്ടയം: വാർത്ത നൽകുന്നതിന് പണം നൽകിയാൽ വാങ്ങുമോയെന്നായിരുന്നു ഒരു വിദ്യാർഥിനിയുടെ ചോദ്യം. മാതൃഭൂമി സീഡ് റിപ്പോർട്ടർമാർക്കായി ജില്ലാതലത്തിൽ നടത്തിയ പരിശീലനത്തിൽ പങ്കെടുക്കവെയാണ് ചോദ്യമുയർന്നത്. സമൂഹിക പരിവർത്തനമെന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്നവരാണ് മാധ്യമ പ്രവർത്തകര്. അവർ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങുന്നവരാകരുതെന്നുള്ള പരിശീലകന്റെ ഉത്തരത്തിൽ കുട്ടി തൃപ്തയായി.‘സാമൂഹനന്മ കുട്ടികളിലൂടെ’ എന്ന ലക്ഷ്യം മുൻനിർത്തിയുള്ള സീഡിന്റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് സീഡ് റിപ്പോർട്ടർ. നാട്ടിലെ വികസനം, ശുചീകരണം, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവ വിഷയങ്ങളായുള്ള വാർത്തകൾ കണ്ടെത്തുന്നതെങ്ങനെയെന്ന് കുട്ടികൾ അടുത്തറിഞ്ഞു. വാർത്തയുടെ ഉറവിടം മുതൽ വാർത്ത എഴുതുന്നതും അച്ചടിക്കുന്നതും വരെയുള്ള വിവിധ ഘട്ടങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കി.
ദൃശ്യമാധ്യമത്തിൽ വാർത്തകൾ വായിക്കുന്നതും വാർത്തയിൽ ദൃശ്യങ്ങൾക്കുള്ള പ്രധാന്യം, എഴുതേണ്ട രീതി, ഭാഷ തുടങ്ങി സമഗ്രമായ വിഷയങ്ങളും അവതരിപ്പിക്കപ്പെട്ടു.
ചടുലമായ ചോദ്യങ്ങളുയർത്തി കാര്യങ്ങൾ ഗ്രഹിക്കാൻ ഓരോരുത്തരും മത്സരിച്ചു. എൽ.പി. തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ളവർ എത്തി. മാതാപിതാക്കളും അധ്യാപകരും ഇവർക്ക് കൂട്ടിനെത്തി. പങ്കെടുത്തവർക്ക് സീഡ് റിപ്പോർട്ടർ മുദ്ര പതിച്ച തിരിച്ചറിയൽ കാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
മാതൃഭൂമി കോട്ടയം യൂണിറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ശില്പശാല ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് പി.വി. ജോയി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി കോട്ടയം യൂണിറ്റ് മാനേജർ ടി. സുരേഷ്, ന്യൂസ് എഡിറ്റർ ടി.കെ. രാജഗോപാൽ, സീനിയർ മാനേജർ സർക്കുലേഷന് സജി കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.