SEED News

പ്രളയചരിത്രം മാറ്റിയെഴുതാൻ വിത്തുപേനകൾ

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാർഥികൾക്ക്‌ പരിസ്ഥിതി സൗഹൃദ വിത്തുപേനകൾ നൽകി അധ്യാപകൻ. തോട്ടട വെസ്റ്റ് യു.പി. സ്കൂളിലെ ശാസ്ത്രാധ്യാപകൻ കെ.സി. ഗിരീഷ് ബാബുവാണ് പ്രളയഭൂമിയിൽ സാന്ത്വനവുമായെത്തിയത്. തോട്ടട വെസ്റ്റ് യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് കോ ഓർഡിനേറ്ററാണിദ്ദേഹം. 
ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സീഡ് സ്റ്റാളിൽ വിത്തുപേനകളുടെ പ്രദർശനം നടത്തി ഗിരീഷ്‌ ബാബു. അതിനുശേഷം കുട്ടനാടിലെ വിവിധ സ്കൂളുകളിൽ വിത്തുപേനകൾ 
നൽകി.
മൂന്നരമാസം കൊണ്ട് 2100 പേനകളാണ് ഗിരീഷ് നിർമിച്ചത്. പ്രളയം രൗദ്രഭാവത്തിലെത്തിയ ആഗസ്ത് 17-നുതന്നെ കുട്ടികൾക്കായുള്ള പേന നിർമാണം തുടങ്ങി. കൈക്കൊണ്ട് ഒരു പേന നിർമിക്കുന്നതിന് 20 മിനുട്ടിലധികം സമയം 
ആവശ്യമാണ്. 
അധ്യയനദിനങ്ങളെയോ പഠനപ്രവർത്തനങ്ങളെയോ ബാധിക്കാതെയായിരുന്നു പേനകളുടെ നിർമാണം. നവംബർ 30-ന് മുഴുവൻ വിത്തുപേനകളും തയ്യാറായി. പ്രളയം കൂടുതൽ ബാധിച്ച  പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ആത്മവിശ്വാസവും കരുത്തും പകരുകയും പരിസ്ഥിതി അവബോധം വളർത്തുകയുമാണ് ലക്ഷ്യമെന്ന് ഗിരീഷ് ബാബു പറയുന്നു. കഴിഞ്ഞവർഷം അഞ്ഞൂറിലധികം വിത്തുപേനകൾ നിർമിച്ചുനൽകിയിട്ടുണ്ട് ഇദ്ദേഹം.
വിത്തുപേനകൾ
വലിപ്പം കുറഞ്ഞ റീഫില്ലറും കടലാസും ഉപയോഗിച്ചാണ് വിത്ത് പേന നിർമിക്കുന്നത്‌. പേന നിർമിക്കുമ്പോൾ തന്നെ വിത്തുകൾ ഉള്ളിൽ നിക്ഷേപിക്കും. നിത്യപരിചരണം ആവശ്യമില്ലാത്ത ചെടികളുടെ വിത്തുകളാണ് നിക്ഷേപിക്കുന്നത്‌. മഷി തീർന്ന് വലിച്ചെറിയുന്ന പേനയിൽനിന്ന് പുറത്തുവരുന്ന വിത്തുകൾ വിണിടത്ത് വളരും. റീഫില്ലർ മാറ്റി ഉപയോഗിക്കാനും സംവിധാനമുണ്ട്‌. തുമ്പ, തവര, തൊഴുകണ്ണി, തുളസി തുടങ്ങി എട്ടുതരം വിത്തുകളാണ് പേനയ്ക്കകത്തുള്ളത്. മനോഹരമായ നിറങ്ങൾ നൽകി പേനകളെ ആകർഷകമാക്കിയിട്ടുണ്ട്.
ഇന്നവേറ്റീവ് അധ്യാപകൻ
വിത്തുപേനകൾ മാത്രമല്ല സയൻസ്, ഗണിതം വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി കണ്ടെത്തലുകൾ ഗിരീഷ് ബാബു നടത്തിയിട്ടുണ്ട്. കണക്ക് തെറ്റിച്ചാൽ അലാറം മുഴങ്ങുന്ന സങ്കലന ബോക്സ്, സംഖ്യകൾ നിർമിക്കുന്ന മാജിക് സ്റ്റിക്, ഗുരുത്വകേന്ദ്രം മാറിയാൽ ചലിക്കുന്ന മെറ്റൽ ബോൾ തുടങ്ങി കുട്ടികളുടെ പഠനം കാര്യക്ഷമമാക്കുന്ന മുന്നൂറോളം പഠനോപകരണങ്ങൾ ഇദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന ശാസ്ത്രമേളയിൽ 15 വർഷത്തോളമായി സമ്മാനങ്ങൾ നേടിയ ഇദ്ദേഹത്തിന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സുംഅജിത് ബാലകൃഷ്ണൻ ഫൗണ്ടേഷനും നൽകുന്ന ഇന്നവേറ്റീവ് അധ്യാപകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

December 13
12:53 2018

Write a Comment

Related News