SEED News

നാട്ടുമാങ്ങാ മധുരം നുണഞ്ഞ് നാട്ടുമാഞ്ചോട്ടിൽ

കൂത്തുപറമ്പ്: തൊക്കിലങ്ങാടി പാലായി പടിഞ്ഞാറേ പറമ്പിൽ ശനിയാഴ്ച ഒരു ഉത്സവമായിരുന്നു. കൂത്തുപറമ്പ് ഹയർസെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇൗ വർഷത്തെ ‘നാട്ടുമാഞ്ചോട്ടിൽ മാമ്പഴസദ്യ’. ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച നാല്പതോളം ഇനം നാട്ടുമാങ്ങകൾ പാളയിലും ഇലകളിലും നിരത്തി കുട്ടികൾ ചുറ്റുമിരുന്നപ്പോൾ മുകളിൽ തണൽവിരിച്ചുനിന്ന കടുക്കാച്ചിമാവും ആ കൂട്ടത്തിലേക്ക് നാല് മാങ്ങയിട്ടു. 
 ആ മാങ്ങ കടിച്ചുതിന്നാണ് മുൻ കൃഷിമന്ത്രി കെ.പി.മോഹനൻ നാട്ടുമാഞ്ചോട്ടിലെ മാമ്പഴസദ്യ ഉദ്ഘാടനം ചെയ്തത്. സ്കൂൾ പി.ടി.എ. പ്രസിഡന്റ് കെ.മനോജ്കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രഥമാധ്യാപിക എം.സി.പ്രസന്നകുമാരി, മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രൻ, മദർ പി.ടി.എ. പ്രസിഡന്റ് ജ്യോതി സാഗർ എന്നിവർ മാമ്പഴക്കാല ഓർമകൾ പങ്കിട്ടു. 
  മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. പി.മോഹനൻ, സ്കൂൾ സീഡ് കോ ഓർഡിനേറ്റർ കുന്നുമ്പ്രോൻ രാജൻ, സീഡ് എക്സിക്യുട്ടീവ് ബിജിഷ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഗോമാങ്ങാപറമ്പിൽ കുഞ്ഞിരാമനും പ്രത്യുഷ് എസ്.ബാബുവും പാടിയ പാട്ടുകൾക്കൊപ്പം താളം പിടിച്ച് മാങ്ങ ആവോളം തിന്ന് കഞ്ഞിയും മാങ്ങാ ചമ്മന്തിയും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.

May 13
12:53 2019

Write a Comment

Related News