environmental News

ഭൂമിയുടെ ജീവകോശങ്ങള്‍

ഡോ.ഒ.കെ.മുരളീകൃഷ്ണന്‍

  'അന്തരീക്ഷശാസ്ത്രത്തിന്റെ ഭാഷയില്‍,മഴ ആകാശത്തുനിന്ന് ഭൂമിയിലേക്ക് പതിക്കുന്നു. പ്രകൃതിദര്‍ശനത്തിന്റെ കാഴ്ചയിലാകട്ടെ അത് താഴെ നിന്ന് മേലോട്ട് പെയ്യുന്നു.'
                                                                     മസനോബു ഫുക്കുവോക്ക

          പ്രാക്തന സംസ്‌കൃതി തിരിച്ചറിഞ്ഞ,കാര്‍ഷികവൃത്തിയെടുത്തവര്‍ പ്രാധാന്യമറിഞ്ഞ് നിലനിര്‍ത്താന്‍ ശ്രമിച്ച  തണ്ണീര്‍ത്തടങ്ങള്‍ ഇന്ന് ലോകമെമ്പാടും നാശത്തിന്റെ വക്കിലാണ്. ഇത് തണ്ണീര്‍ത്തടങ്ങളുടെ നാശമെന്നതിലുപരി മനുഷ്യരാശിയടങ്ങുന്ന ജീവജാലങ്ങളുടെ വിനാശമാണെന്ന സത്യം  ലോകം മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.  
   എല്ലാമറിയുന്നുവെന്ന് ഭാവിക്കുന്ന ആധുനികമനുഷ്യരില്‍ ഭൂരിഭാഗത്തിനും ഭൂമിയുടെ ജലസംഭരണികളായ,ജൈവവൈവിധ്യ കലവറയായ തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യം അറിയില്ലെന്നുവേണം കരുതാന്‍. അഥവാ അറിയുന്നുണ്ടെങ്കിലും താത്കാലിക ലാഭത്തിന് മലിനമാക്കിയും  നികത്തിയും മനുഷ്യന്‍ തണ്ണീര്‍ത്തടങ്ങളെ കൊന്നൊടുക്കുന്നു. കണ്ടല്‍ക്കാടുകള്‍ വെട്ടി,ചതുപ്പും നെല്‍വയലും നികത്തി പണിത ആസ്പത്രികളും ഹോട്ടലുകളും നമ്മുടെ പ്രബുദ്ധകേരളത്തില്‍ പോലും തലയുയര്‍ത്തിനില്‍ക്കുന്നത് ഈ അജ്ഞതയുടെ തെളിവാണ്. വിനോദസഞ്ചാരവികസനത്തിന്റെ പേരില്‍ മലീമസമാക്കിക്കൊണ്ടിരിക്കുന്ന നമ്മുടെ കായലുകളില്‍ ജീവനുളളതൊന്നും ബാക്കിയാവില്ലെന്ന അവസ്ഥയായിരിക്കുന്നു. ആര്‍ക്കും വേണ്ടാത്ത കുളം,ചതുപ്പ്.. വെറുതെകിടക്കുന്ന കായല്‍,വര്‍ഷത്തില്‍ പാതിയും കൃഷിചെയ്യാതെ വെള്ളം കെട്ടിക്കിടക്കുന്ന വയല്‍-തണ്ണീര്‍ത്തടങ്ങളെക്കുറച്ച് മിക്കവരുടേയും നിരീക്ഷണം ഇങ്ങനെയാണ്. എന്നാല്‍ പലരും മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. കേരളത്തിന്റെ ഒരു വര്‍ഷത്തെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനം വരും ഇവിടത്തെ തണ്ണീര്‍ത്തടങ്ങളുടെ വാര്‍ഷിക സേവനമൂല്യം. നെല്‍വയലകളും തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ അത് സംസ്ഥാനത്തെ വാര്‍ഷിക റവന്യൂവരുമാനത്തിന്റെ ഒന്നരയിരട്ടിയെങ്കിലും വരും. 
 ലോകശരാശരി എടുത്താല്‍ ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളുടെ സേവനമൂല്യം പ്രതിവര്‍ഷം 6,80,110 രൂപയാണ്. ഇത് കാടുകളില്‍നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഏഴിരട്ടിവരും. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാതിരിക്കുക വഴി വെള്ളപ്പൊക്കം,ജലക്ഷാമം തുടങ്ങിയവമൂലമുണ്ടാകുന്ന റവന്യൂനഷ്ടം കൂടി കണക്കിലെടുത്താല്‍ നേരത്തേ സൂചിപ്പിച്ച സേവനമൂല്യം ഇനിയും ഉയരും. പണത്തില്‍ നിജപ്പെടുത്താവുന്ന മൂല്യം മാറ്റിനിര്‍ത്തിയാല്‍ മനുഷ്യന്റെ സാമൂഹിക-സാംസ്‌ക്കാരിക ജീവിതത്തിന് പ്രകൃതിയുടെ പശ്ചാത്തലം എന്ന രീതിയില്‍ തണ്ണീര്‍ത്തടങ്ങളുടെ വില ആര്‍ക്ക് കണക്കാക്കാന്‍ കഴിയും. വസ്തുതകള്‍ ഇതായിരിക്കെ തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാന്‍ നാമെന്ത് ചെയ്യുന്നുവെന്നതാണ് പ്രസക്തമായ ചോദ്യം.
    1992ല്‍ റിയ ഡി ജനീറോയില്‍ നടന്ന ലോകഭൗമഉച്ചകോടിയില്‍ ജൈവവൈവിധ്യസംരക്ഷണത്തിനായുള്ള  ഒരു അന്താരാഷ്ട്ര ഉടമ്പടിക്ക് രൂപം നല്‍കിയിരുന്നു.1994ല്‍ ഇന്ത്യ ഈ ഉടമ്പടിയില്‍ പങ്കാളിയാവുകയും ചെയ്തു. ഇതിന്റെ ചുവടു പിടിച്ചാണ് 2002ല്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ആക്ട് 2002ന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി റൂള്‍സ് 2004ലും നിലവില്‍ വന്നു. എന്നാല്‍   നിയമത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തി തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണമുള്‍പ്പെടെയുള്ള ജൈവവൈവിധ്യസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല. കേരളത്തില്‍ രൂപവത്കരിച്ച ജൈവവൈവിധ്യ ബോര്‍ഡ് തന്നെ ജീവനക്കാരുടെയും പ്രവര്‍ത്തനഫണ്ടിന്റേയും അപര്യാപ്തതയിലാണ്. 
       കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ടുമാത്രം ഇന്ത്യയിലെ തണ്ണീര്‍ത്തടങ്ങളുടെ 38 ശതമാനം നമുക്ക് നഷ്ടമായി. ഇപ്പോള്‍ 1.31 കോടി ഹെക്ടറാണ് രാജ്യത്തെ തണ്ണീര്‍ത്തടങ്ങളുടെ വിസ്തൃതി. കേരളത്തിലിത് 3,28,000 ഹെക്ടര്‍ മാത്രമാണ്. ഇറാനിലെ റാംസറില്‍ 1971ല്‍ നടന്ന തണ്ണീര്‍ത്തട ഉച്ചകോടിയില്‍ ഇന്ത്യയും പങ്കാളിയാണെങ്കിലും വിഷയത്തിന്റെ ഗൗരവം നമ്മള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. റാംസര്‍ കണ്‍വെന്‍ഷനില്‍  'റാംസര്‍സൈറ്റാ'യി  ഉള്‍പ്പെടുത്തിയ കേരളത്തിലെ വേമ്പനാട് കായലിന്റെയും(സൈറ്റ് നമ്പര്‍.1214) അഷ്ടമുടിക്കായലിന്റെയും(സൈറ്റ് നമ്പര്‍.1204) ഇപ്പോഴത്തെ അവസ്ഥ നോക്കിയാല്‍ മതി ഇക്കാര്യം ബോധ്യപ്പെടാന്‍. 2008 ജൂലായില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച നിയന്ത്രണ നിര്‍ദ്ദേശങ്ങളാണ് ഈ അവസരത്തില്‍ ഏക ആശ്വാസം. ഇത് സംബന്ധിച്ച വെറ്റ്‌ലാന്‍ഡ്‌സ്(കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്) റൂള്‍സ് 2008 പ്രതീക്ഷയേകുന്നുണ്ട്.
   ജലസുരക്ഷ,വെള്ളപ്പൊക്കനിയന്ത്രണം,ജൈവവൈവിധ്യസംരക്ഷണം എന്നിവ നിര്‍വ്വഹിക്കുന്ന, ഭൂമിയുടെ ജീവകേശങ്ങള്‍ എന്ന വിശേഷത്തിന് അര്‍ഹമായ തണ്ണീര്‍ത്തടങ്ങള്‍ മനുഷ്യന്റെ നിലനില്‍്പ്പിനുതന്നെ അത്യന്താപേക്ഷിതമാണെന്ന ബോധം നാം നിരന്തരം പുലര്‍ത്തണം. വരുംവര്‍ഷങ്ങളില്‍ ലോകജനസംഖ്യ പ്രതിവര്‍ഷം ഏഴ് കോടി കണ്ട് കൂടിക്കൊണ്ടിരിക്കും എന്നാണ് കണക്ക്. 1900 മുതല്‍ 1995 വരെയുള്ള കാലഘട്ടത്തില്‍ ലോകത്തെ ജലത്തിന്റെ ഉപഭോഗം ആറു മടങ്ങായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.ഇക്കാരണത്താല്‍ തന്നെ 2025 ആകുമ്പോഴേക്കും മൂന്നിലൊരാള്‍ക്ക് ശുദ്ധജലത്തിന് ക്ഷാമം അനുഭവപ്പെടാനും സാധ്യതയുണ്ട്. വര്‍ഷത്തില്‍ ജലം സംഭരിക്കുകയും വേനലില്‍ ജലം നല്‍കുകയും ചെയ്യുന്ന തണ്ണീര്‍ത്തടങ്ങളുടെ പ്രസക്തി മനസ്സിലാക്കാന്‍ മറ്റെന്ത് ഉദാഹരണമാണ് മാനവരാശിക്ക് ഇനി ആവശ്യം.

June 25
12:53 2019

Write a Comment