environmental News

അന്റാര്‍ട്ടിക്ക ആറിരട്ടി വേഗത്തില്‍ ഉരുകുന്നു, തീരങ്ങള്‍ കടലെടുക്കുമെന്ന് നാസ .

ഗോളതലത്തില്‍ കരയുടെ വലിയൊരു ഭാഗം വെള്ളത്തിനടിയിലാവുമെന്ന മുന്നറിയിപ്പുമായി നാസ. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ ആറിരട്ടി വേഗത്തില്‍ ആന്റാര്‍ട്ടിക്കയിലെ മഞ്ഞ് ഉരുകുന്നുവെന്നും ഇത് സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമാകുമെന്നും അത് മഹാവിപത്തിലേക്ക് നയിച്ചേക്കുമെന്നും നാസ പറയുന്നു. 

അന്റാര്‍ട്ടിക്കയില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ആഗോള തലത്തില്‍ തീരപ്രദേശങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവന് ഭീഷണിയാണെന്നും അവരുടെ കിടപ്പാടം നഷ്ടമാവുന്ന സ്ഥിതി വരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറും ഭൗമ ശാസ്ത്രജ്ഞനുമായ എറിക് റിഗ്നോട്ടിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്റേതാണ് ഈ പഠനം. ഇവര്‍ 1979 മുതലുള്ള അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളുടെ ആകാശ ദൃശ്യങ്ങളും ഉപഗ്രഹദൃശ്യങ്ങളും പരിശോധിച്ചു. 

1979 നും 1990 നും ഇടയ്ക്ക് അന്റാര്‍ട്ടിക്കയിലെ മഞ്ഞിന്‍രെ പിണ്ഡത്തില്‍ നിന്നും 3600 കോടി ടണ്‍ വീതം ഒരോ വര്‍ഷവും നഷ്ടമായിട്ടുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. 2009 നും 2017നും ഇടയില്‍ മഞ്ഞുരുകലിന്റെ വേഗത ആറിരട്ടി വര്‍ധിച്ചു. അതായത് ഒരോ വര്‍ഷവും 22800 കോടി ടണ്‍ എന്ന നിലയില്‍.  

സമുദ്രതാപനിലയില്‍ വര്‍ധനവുണ്ടാകുന്നതും മഞ്ഞുരുകല്‍ വര്‍ധിപ്പിക്കുന്നതിന് കാരണമാകും. അതായത് വരുന്ന നൂറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കടല്‍ നിരപ്പില്‍
മീറ്ററുകളുടെ വര്‍ധനവുണ്ടാവും.

നാസയുടെ സാമ്പത്തിക സഹായത്തോടെയാണ്  നടന്ന പഠനം പ്രൊസീഡിങ്‌സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലാണ് പ്രസിദ്ദീകരിച്ചത്.


September 13
12:53 2019

Write a Comment