environmental News

വയനാട്ടിൽ ദേശാടന ശലഭങ്ങൾ എത്തിത്തുടങ്ങി

 കനത്തമഴയ്ക്കുശേഷം വയനാട്ടിൽ ദേശാടനശലഭങ്ങൾ എത്തിത്തുടങ്ങി. കേരളത്തിലെ ഈ വർഷത്തെ ആദ്യത്തെ ദേശാടനശലഭങ്ങളെ അമ്പലവയലിലാണ് കണ്ടെത്തിയത്. കാലവർഷത്തിനുശേഷം പശ്ചിമഘട്ട മലനിരകളിൽനിന്ന് വയനാടുവഴി ലക്ഷക്കണക്കിന് ദേശാടനശലഭങ്ങൾ എത്താറുണ്ട്. കാലാവസ്ഥാവ്യതിയാനം ചില വർഷങ്ങളിൽ ദേശാടനത്തെ ബാധിക്കാറുണ്ട്.

കേരളത്തിൽ ദേശാടനക്കാരായ 46-ൽപ്പരം ഇനത്തിൽപ്പെട്ട ചിത്രശലഭങ്ങളാണുള്ളത്. ഇവയിൽ ഏറ്റവും ശ്രദ്ധേയം നീലക്കടുവകളുടെയും അരളി ശലഭങ്ങളുടെയും ദേശാടനമാണ്. പശ്ചിമഘട്ടമലനിരകളിൽ കാലവർഷം എത്തുന്നതിന് മുമ്പ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കിഴക്കൻ സമതലങ്ങളിലേക്കും പൂർവഘട്ട പ്രദേശങ്ങളിലേക്കും ഈ ശലഭങ്ങൾ ദേശാടനം ചെയ്യും. ഇന്ത്യയുടെ കിഴക്കൻപ്രദേശങ്ങളിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിക്കുന്നതോടെ ചിത്രശലഭങ്ങൾ പടിഞ്ഞാറുഭാഗത്ത് പശ്ചിമഘട്ടത്തിലേക്കും അതിനോടു ചേർന്നുകിടക്കുന്ന സമതലങ്ങളിലേക്കും സഞ്ചരിക്കും.

ഈ ശലഭങ്ങളുെട സഞ്ചാരപാതയോ തുടക്കമോ ഒടുക്കമോ ദേശാടനത്തിന്റെ കാലയളവിനെക്കുറിച്ചോ കൃത്യമായ വിവരങ്ങളില്ല. ദേശാടനത്തിന് കാരണമാവുന്ന ഘടകങ്ങളെക്കുറിച്ചും നാമമാത്രമായ പഠനങ്ങളാണ് നടന്നി‌ട്ടുള്ളത്. ഫേൺസ് നേച്ചർ കൺസർവേഷൻ സൊസൈറ്റി രണ്ട് വർഷങ്ങളിലായി തെക്കേ ഇന്ത്യയിലെ ശലഭദേശാടനത്തെക്കുറിച്ച് സമഗ്രപഠനം നടത്തിവരുകയാണ്.

പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ഒരു പൗരശാസ്ത്ര പഠനമായി വിപുലീകരിക്കാനാണ് പദ്ധതി. പഠനത്തിന് വനം-വന്യജീവി വകുപ്പ് സഹകരണമുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ സഹായത്തോടെ ചിത്രശലഭങ്ങളുടെ വിവരം ശേഖരിക്കും. ഈ വർഷം ജില്ലയിൽ നടപ്പാക്കുന്ന പദ്ധതി ദേശാടനശലഭങ്ങളെ കണ്ടുവരുന്ന മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും

September 28
12:53 2019

Write a Comment