SEED News

ചെങ്കൽ കുന്നുകളുടെ കാവൽക്കാരായി കൂളിയാടെ സീഡ് കുട്ടിക്കൂട്ടം.



പ്രകൃതി പഠനയാത്ര നവ്യാനുഭവമായി
ചീമേനി .. അവസാനത്തെ ഇടനാടൻ കുന്നും കാണാതാവും മുമ്പ്, കുന്നിൻ തലപ്പിലെ അവസാനത്തെ പൊന്തക്കാടും ചാരമാവും മുമ്പ് ,ഞങ്ങൾ ഈ കുന്നുകളെ മനസ്സിൽ സ്നേഹിച്ച് ,ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ,സംരക്ഷിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് കുരുന്നുകളുടെ പ്രതിജ്ഞ .കൂളിയാട് ഗവ.ഹൈസ്കൂൾ ശാസ്ത്രരംഗത്തിന്റെയും മാതൃഭൂമി സീഡിന്റെയും  നേതൃത്വത്തിൽ വള്ളിക്കീൽ 
കുന്നിലേക്ക് നടത്തിയ പ്രകൃതി പഠന യാത്രയാണ്  സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയായ ഇടനാടൻ ചെങ്കൽ കുന്നുകളെക്കുറിച്ച് കൂടുതലറിയാനും നാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന ആവാസ വ്യവസ്ഥയ്ക്ക് സംരക്ഷണ കവചമൊരുക്കാനും വേദിയായത്.
ഇടവമിഥുനമാസത്തിൽ പച്ച വിരിച്ചും ചിങ്ങമാസത്തിൽ നീലിമയണിഞ്ഞും ധനു - മകരത്തിൽ സ്വർണവർണം ചാർത്തിയും മേടമാസത്തിൽ ശ്വേത ശോഭ നിറഞ്ഞും നിൽക്കുന്ന ചെങ്കൽ കുന്നുകളുടെ അവിസ്മരണീയ സൗന്ദര്യം  കുട്ടികൾക്കും അധ്യാപകർക്കും നവ്യാനുഭവമായി.
അപൂർവങ്ങളായ പുൽച്ചെടികളെയും ചിത്രശലഭങ്ങളെയും തുമ്പികളെയും നിരീക്ഷിച്ച് കുറിപ്പുകൾ തയ്യാറാക്കിയ കുട്ടികൾ ഹരിതീർഥക്കര വെള്ളച്ചാട്ടത്തിൽ നീന്തി കുളിച്ച ശേഷമാണ് മടങ്ങിയത്.
ദേശീയ അധ്യാപക അവാർഡ് ജേതാവും മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രധാനാധ്യാപകനുമായ ഡോ.കൊടക്കാട് നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.കെ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സീഡ് കോർഡിനേറ്റർ ദിനേശൻ മാസ്റ്റർ ,കെ.ചന്ദ്രൻ മാസ്റ്റർ , എ.വി.സുഭാഷ്  പി.വി.ശാരദ പ്രസംഗിച്ചു. പി.വി.പ്രീത, കെ.വി.ശോഭ, ഷീല വിനയൻ കല്ലത്ത കെ.സുഗതൻ, സി.മനോജ് കുമാർ, അസിനാർ ,ഷീല ,വിനയൻ കല്ലത്ത്, വത്സല എന്നിവർ നേതൃത്വം നൽകി.                                

September 28
12:53 2019

Write a Comment

Related News