SEED News

മാതൃഭൂമി സീഡ്: സംസ്ഥാനതല പച്ചക്കറി വിത്തുവിതരണം തുടങ്ങി

തിരുവനന്തപുരം: മാതൃഭൂമി സീഡും സംസ്ഥാന കൃഷിവകുപ്പും ചേർന്ന് സ്കൂളുകളിൽ നടപ്പാക്കുന്ന പച്ചക്കറിത്തോട്ടത്തിനുള്ള വിത്തുവിതരണം ആരംഭിച്ചു. സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിത്തു നട്ടും കുട്ടികൾക്ക് വിത്തുവിതരണം നടത്തിയും പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പച്ചക്കറിക്കൃഷിയിൽ കേരളം സ്വയംപര്യാപ്തമാകണമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളത്തിനു പ്രതിദിനം ആവശ്യമായ പച്ചക്കറിയുടെ 40 ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. ശേഷിച്ചവ പുറത്തുനിന്നാണ് വരുന്നത്. അവയുടെ ഗുണനിലവാരം നമുക്കറിയില്ല. അർബുദം മുതലായ രോഗങ്ങൾക്ക് ഇതു കാരണമാകുന്നു. പച്ചക്കറിയുത്പാദനം 100 ശതമാനമാക്കാൻ ശ്രമിക്കണം. നമ്മുടെ വീടുകളിൽ വിളയിക്കുന്ന പച്ചക്കറികൾ രുചിക്കൊപ്പം മാനസികസുഖവും നൽകുമെന്ന്‌ അദ്ദേഹം പറഞ്ഞു.

സ്കൂൾവളപ്പിൽ വിദ്യാർഥികൾക്കൊപ്പം ലോക്‌നാഥ് ബെഹ്‌റ വിവിധയിനം വിത്തുകൾ നട്ടു.

മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് അനിഷ് ജേക്കബ് അധ്യക്ഷനായി. വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട് െപ്രാമോഷൻ കൗൺസിൽ സി.ഇ.ഒ. സജി ജോൺ മുഖ്യപ്രസംഗം നടത്തി. സ്കൂൾ മാനേജർ ഫാ. മെൽകൺ, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ആർ.എസ്.സാബു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബിജു പി.പോൾ, മാതൃഭൂമി യൂണിറ്റ് മാനേജർ ആർ.മുരളി, സ്റ്റാഫ് സെക്രട്ടറി ബെൻ ഇ.മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

October 19
12:53 2019

Write a Comment

Related News