വരവൂർ പഞ്ചായത്തിൽ ഇനി മുതൽ ഒരുപാടശേഖരം പോലും തരിശായിക്കിടക്കില്ല
വരവൂർ : "പഞ്ചായത്തിൽ ഇനി മുതൽ ഒരുപാടശേഖരം പോലും തരിശായിക്കിടക്കില്ല" എന്ന മുദ്രാവാക്യവുമായി വരവൂർ ഗവ.എൽ.പി.സ്കൂളിലെ കുട്ടികളുടെയും, അധ്യാപകരുടേയും, നേതൃത്വത്തിൽ പാട്ടത്തിനെടുത്ത ഒരേക്കർ പാടത്ത് വിത്തിടലിന് തുടക്കം കുറിച്ചു. ജൈവ നെൽകൃഷി പ്രോൽസാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൃഷി ഭവനിൽ നിന്നും വാങ്ങിയ "ഉമ "വിത്താണ് ഞാറുനടുന്നതിന്റെ ആവശ്യത്തിലേക്കായി വിതച്ചത്.കഴിഞ്ഞവർഷം പ്രളയം മൂലം നഷ്ടം വന്നതിനാൽ ഇത്തവണ കൃഷി ചെയ്യുന്നില്ലെന്ന് പല കർഷകരും പറഞ്ഞപ്പോൾ തരിശായി കിടക്കുന്ന എത്ര ഏക്കർ സ്ഥലം തന്നാലും പാട്ടത്തിനെടുത്ത്കൃഷി ഇറക്കാൻ തയ്യാറാണെന്ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പറഞ്ഞപ്പോൾ ഇത്തവണ വിദ്യാലയത്തോടൊപ്പം കൃഷി ചെയ്യാൻ ഞങ്ങളും തയ്യാറാണെന്ന് പറഞ്ഞ് പുളിഞ്ചോട് പടിഞ്ഞാറ്റു മുറി പാടശേഖരത്തിലെ കർഷകർ മുന്നോട്ടു വരികയാണുണ്ടായത്.കൃഷിഭവന്റെയും, പഞ്ചായത്തിന്റേയും കൂടി പ്രോൽസാഹനം ലഭിച്ചപ്പോൾ ലഭിച്ചപ്പോൾ അത് വലിയൊരു കർഷക കൂട്ടായ്മക്ക് തുടക്കം കുറിച്ചു. വരവൂർ ഗവ.എൽ.പി.സ്കൂളിലെ കുട്ടികൾ ഇത് തുടർച്ചയായി മൂന്നാം തവണയാണ് പഞ്ചായത്തിലെ പല പാടശേഖരങ്ങളിലായി മാറി മാറി കൃഷി ചെയ്ത് കൃഷി രീതികൾ പഠിക്കുകയും, നൂറുമേനി വിളവെടുപ്പുമായി മുന്നോട്ടു പൊയ്കൊണ്ടിരിക്കുന്നത്.വിത്തു നനയ്ക്കൽ മുതൽ വിത്തിടൽ കൊയ്ത്ത്, മെതി, കാറ്റത്തിടൽ പൊലിയളയ്ക്കൽ വരെ ചെയ്തു കൊണ്ട് നെൽകൃഷിയെ വരവൂർ ഗ്രാമത്തിന്റെ ഒരു ഉത്സവമാക്കി ഗവ.എൽ.പി.സ്കൂളിലെ എണ്ണൂറോളം കുട്ടികളും രക്ഷിതാക്കളും, അധ്യാപകരും, പഞ്ചായത്തംഗങ്ങളും നാട്ടുകാരും, ഒത്തൊരുമിച്ച് ജൈവ നെൽകൃഷി ചെയ്തുവരുന്നു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വിജയലക്ഷ്മി വിത്തിടൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.വി.കദീജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രധാനാധ്യാപകൻ എം.ബി.പ്രസാദ് സ്വാഗതവും, പി.ടി.എ.പ്രസിഡന്റ് വി.ജി.സുനിൽ നന്ദിയും അറിയിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ .സി.രവീന്ദ്രൻ സി.ആർ.ഗീത. സിന്ധു മണികണ്ഠൻ, കെ.കെ.ബാബു എന്നിവരും കൃഷി ഓഫീസർ അർച്ചന വിശ്വനാഥ്, കൃഷി ഓഫീസ് സ്റ്റാഫ് അംഗങ്ങളായ അമ്പിളി. ആർ. ദാസ്, സലിം.പി.എം., എസ് .എം.സി. ചെയർമാൻ എൻ.എച്ച് ഷറഫുദ്ദീൻ, കർഷകരായ അജി.കെ.വി ,ശങ്കരൻ. എ.ബി. എന്നിവരും കുട്ടികൾക്കൊപ്പം പങ്കെടുത്തു.
റിയ ഫർഹ ഇ.എ
സീഡ് റിപ്പോർട്ടർ
ജി.എൽ.പി.എസ് വരവൂർ
October 31
12:53
2019


