SEED News

നാട്ടിലെങ്ങും പാട്ടായി കുട്ടികളുടെ സീഡ് ബോൾ

വരാപ്പുഴ: കൃഷിയിൽ പുതിയ മാതൃകകൾ തീർക്കുകയാണ് ചേരാനല്ലൂർ ലിറ്റിൽഫ്ളവർ യു.പി. സ്കൂളിലെ ‘സീഡ്’ വിദ്യാർഥികൾ. കുട്ടികളുടെ നേതൃത്വത്തിൽ ഒരുക്കിയ ‘വിത്തുബോളു’കളാണ് ഇപ്പോൾ നാട്ടിലെങ്ങും ചർച്ചയായിരിക്കുന്നത്. ഉണങ്ങിയ ചാണകവും ചകിരിച്ചോറും ചെളിമണ്ണും ചേർത്തൊരുക്കിയ മിശ്രിതം കൊണ്ട് നിർമിച്ച ‘വിത്തുബോളുകൾ’ സ്കൂളിന്റെ പടിവാതിലും കടന്ന് ഇപ്പോൾ പഞ്ചായത്തിലാകെ വ്യാപിച്ചിരിക്കുകയാണ്.

ഉണങ്ങിയ ചാണകവും ചകിരിച്ചോറും ചെളിമണ്ണും കുഴച്ചെടുത്ത് തണലിൽ െവച്ച് ഉണക്കിയെടുത്താണ് ബോളിന്റെ ആകൃതിയിലാക്കുന്നത്. 8-10 മണിക്കൂർ വെള്ളത്തിൽ കുതിർത്തിയെടുത്ത വിത്തുകൾ ബോളിനുള്ളിൽ ഇടും. വിത്തുകൾ തിരിച്ചറിയുന്നതിന് ചെടിയുടെ പേര് ബോളിന്റെ പുറത്ത് ആലേഖനം ചെയ്യും. ബോളിനുള്ളിൽ ഇട്ട വിത്തുകൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ ആരോഗ്യമുള്ള ചെടികളായി വളർന്നുവരുന്നതോടെ ഗ്രോബാഗിലേക്ക് പറിച്ചുനടും.

പദ്ധതി വിജയമായതോടെയാണ് തങ്ങളൊരുക്കിയ പുത്തൻ കൃഷിരീതി സ്കൂളിന് പുറത്തേക്കും വ്യാപിപ്പിക്കാൻ കുട്ടികൾ തീരുമാനിച്ചത്. വിത്തുബോളുകളിൽ പരീക്ഷണാർഥം ജാതിയും പപ്പായയും നട്ടുവളർത്തിയാണ് തുടങ്ങിയത്. ഇപ്പോൾ പാവലും വെണ്ടയും പയറുമൊക്കെ നട്ടുവളർത്തിയിട്ടുണ്ട്.

ചേരാനല്ലൂർ പഞ്ചായത്ത് ‘കിസാൻ മേള’യുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ വിത്തുബോളുകൾ പ്രദർശിപ്പിച്ചു. സംഭവം ഹിറ്റായതോടെ കുട്ടികൾ നിർമിച്ച്‌ മേളയിലെത്തിച്ച മുഴുവൻ വിത്തുബോളുകളും വിറ്റഴിഞ്ഞു. മാത്രമല്ല, അതിലേറെ ഓർഡറുകളും കിട്ടി. തൃശ്ശൂരിൽ നടക്കുന്ന ‘വൈഗ കിസാൻ മേള’യിലും വിത്തുബോളുകൾ പ്രദർശിപ്പിക്കുന്നതിനുള്ള ക്ഷണവും ലഭിച്ചു.

സ്കൂളിലെ ‘സീഡ് റിപ്പോർട്ടർ’ എമിലിയയും അംഗങ്ങളായ ആഷിക്കും വൈഷ്ണവുമാണ് എല്ലാത്തിനും ചുക്കാൻ പിടിക്കുന്നത്.

പിന്തുണയുമായി സ്കൂൾ പ്രധാനാധ്യാപിക റെറ്റി സേവ്യറും ലൂസി അൽഫോൺസയും ‘സീഡ്’ കോ-ഓർഡിനേറ്റർ കെ.എൻ. മേഴ്‌സിയും കുട്ടികൾക്കൊപ്പമുണ്ട്.

കുട്ടികൾ തയ്യാറാക്കിയ വിത്തുബോളുകൾ കൃഷിഭവൻ വഴി കർഷകരിലേക്കെത്തിക്കുന്നതിന് എല്ലാ സഹായവും ചെയ്യുമെന്ന് ചേരാനല്ലൂർ കൃഷി ഓഫീസർ ജയൻ പറഞ്ഞു.

‘മാതൃഭൂമി സീഡ്’ ഗ്രൂപ്പാണ് ആവശ്യമായ വിത്തുകൾ സ്കൂളിൽ എത്തിച്ചുനൽകുന്നത്. കൃഷിയിടങ്ങളിൽ നിന്ന്‌ പരമാവധി പ്ലാസ്റ്റിക്കിനെ പുറംതള്ളുക എന്ന ലക്ഷ്യവും വിത്തുബോളുകളുടെ നിർമാണത്തിനു പിന്നിലുണ്ട്.

November 09
12:53 2019

Write a Comment

Related News