SEED News

ശബരിമല തീര്‍ത്ഥാടനം കുറ്റമറ്റതാകണം; മലിനീകരണം തടയാന്‍ നടപടി വേണം




എരുമേലി: എരുമേലി ഷേര്‍മൗണ്ട് പബ്ലിക് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഞാന്‍. എരുമേലി എന്ന ചെറിയ പ്രദേശത്ത് രണ്ട് മാസത്തിനിടെ ലക്ഷകണക്കിന് ഭക്തര്‍ ഒത്തുചേരുമ്പോള്‍ അതിനനുസൃതമായ സൗകര്യങ്ങള്‍ ഒരുക്കി ശബരിമല തീര്‍ഥാടനം കുറ്റമറ്റതാക്കണമെന്നാണ് നാടിന്റെ ആവശ്യം. മാലിന്യവും, ജല മലിനീകരണവുമാണ് എരുമേലി നേരിടുന്ന പ്രധാന ഭീഷണി. മലിനജലം ഓടകളില്‍ നിന്നും തോട്ടിലേക്കും പിന്നീട് മണിമലയാറ്റിലേക്കും എത്തുന്നു. മലിനജല സംസ്‌കരണത്തിന് ശാസ്ത്രീയമായ സംവിധാനങ്ങളില്ല. ഖരമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള പ്ലാന്റില്ല. ദിവസേന ടണ്‍കണക്കിന് മാലിന്യങ്ങളാണ് എരുമേലിയില്‍ ഉണ്ടാകുന്നത്. ഇവ സമയബന്ധിതമായി സംസ്‌കരിക്കാനാവുന്നില്ല. എരുമേലി ഒരു ജനവാസമേഖലയായതിനാല്‍ മലിനീകരണം പകര്‍ച്ചരോഗ സാധ്യതക്കും കാരണമാകും. തീര്‍ഥാടനകാലം കഴിയുമ്പോള്‍ നീരൊഴുക്ക് നിലച്ച ജലസ്രോതസ്സുകളില്‍ മലിനജലം കെട്ടികിടന്ന് ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യമായിരുന്നു കഴിഞ്ഞ വര്‍ഷവും. ഈച്ച, കൊതുക് എന്നിവയുടെ ശല്യം വേറെയും...
 മണ്ഡലകാലം തുടങ്ങാന്‍ ഇനി ഒരു ദിനം മാത്രമേ ശേഷിക്കുന്നുള്ളൂ. ഭക്തര്‍ക്ക് സുഗമവും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ട്.  കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ തകര്‍ന്ന് റോഡുകള്‍ പൂര്‍ണമായി ഗതാഗതയോഗ്യമാക്കാന്‍ കഴിയാത്തത്  ശബരിമല പാതകളില്‍ ഗതാഗതക്കുരുക്കിന് കാരണമാകും. പ്രളയത്തില്‍ തകര്‍ന്ന മൂക്കന്‍ പെട്ടി-ഏഞ്ചല്‍വാലി, ഓരുങ്കല്‍ കടവ്  പാലങ്ങളുടെ കൈവരികള്‍ ഇതു വരെ പുന:നിര്‍മിച്ചിട്ടില്ല. സമാന്തര പാതകളുടെ വശങ്ങള്‍ കാഴ്ച മറക്കുന്ന തരത്തില്‍ കാട് കയറിയിരിക്കുന്നു. എരുമേലി ടൗണില്‍ വെളിച്ചം നല്‍കുന്ന ഹൈമാസ്റ്റ് ലൈറ്റ് തകരാറ് പരിഹരിച്ച്  പ്രവര്‍ത്തനക്ഷമമാക്കണം. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന രാസ സിന്ദൂരത്തിനുപകരം ജൈവസിന്ദൂരം ഉപയോഗിക്കണം എന്ന നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം. ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരും ചേര്‍ന്ന്  കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണം. കടകളില്‍ നിന്നും ശൗചാലയ സമുച്ചയങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ കലരുന്നുണ്ടോ എന്നതും കര്‍ശന പരിശോധനക്ക് വിധേയമാക്കണം. പാതയോരങ്ങളില്‍ കുടിവെള്ളത്തിന് കിയോസ്‌കുകള്‍ സ്ഥാപിച്ച്  കുപ്പിവെള്ളം പൂര്‍ണ്ണമായും നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. തീര്‍ഥാടനം പ്രകൃതി സൗഹൃദമാകാന്‍ കൂടുതല്‍ സൗകര്യങ്ങളും അധികാരികളുടെ കര്‍ശന ഇടപെടലും അനിവാര്യമായിരിക്കുകയാണ്.


November 20
12:53 2019

Write a Comment

Related News