environmental News

മഞ്ഞപ്പാറ സ്കൂളിൽ ശലഭവസന്തം

കല്ലറ: ദേശാടനത്തിന്റെ ഭാഗമായി സഹ്യപർവതനിരകളിൽനിന്നു വിരുന്നുവന്ന ശലഭങ്ങളോടു കൂട്ടുകൂടി മഞ്ഞപ്പാറ ഗവ. യു.പി.എസിലെ മാതൃഭൂമി സീഡ് ക്ലബ്ബ്. സ്കൂളിലെ ശലഭോദ്യാനത്തിലാണ് നവംബർ ആദ്യവാരത്തോടെ നൂറിലേറെ നീലക്കടുവ ശലഭങ്ങൾ കണ്ണിന് കുളിർമയേകി വിരുന്നെത്തിയത്. ഇവിടുത്തെ കിലുക്കി (ക്രോട്ടലറിയ റെറ്റ്യൂസ) എന്നയിനം ചെടികളാണ് ശലഭങ്ങളെ ആകർഷിച്ചത്. പ്രത്യുത്‌പാദന പ്രക്രിയയുടെ ഭാഗമായി ആൺശലഭങ്ങളാണ് ഇങ്ങനെ കൂട്ടമായെത്തുന്നത്. വലിയ ശലഭങ്ങളിലൊന്നായ ഗരുഡശലഭം മുതൽ ചെറിയ പുൽനീലിശലഭങ്ങൾ വരെ ഇവിടുത്തെ ശലഭോദ്യാനത്തിലെ സ്ഥിരം വിരുന്നുകാരാണ്.

പരിസ്ഥിതിപ്രവർത്തകനും ശലഭനിരീക്ഷകനുമായ കിരൺ പാങ്ങോടിന്റെ നേതൃത്വത്തിൽ ആരംഭിച്ച ശലഭോദ്യാനം മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാലിക്കുന്നത്.

അമ്പതോളം വർഗത്തിൽപ്പെട്ട നൂറുകണക്കിനു വർണശലഭങ്ങൾ ഉദ്യാനത്തിലെത്താറുണ്ട്.

November 28
12:53 2019

Write a Comment