കുറ്റിപ്രം ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് സെന്ററാക്കണം
കല്ലാച്ചി: കല്ലാച്ചി പയന്തോങ്ങിലെ കുറ്റിപ്രം ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് സെന്ററാക്കി ഉയർത്തണമെന്ന് നാട്ടുകാരും വിദ്യാർഥികളും ആവശ്യപ്പെടുന്നു. ഉപകേന്ദ്രമായതിനാൽ അവിടെ ഡോക്ടറോ മരുന്നോ ഇല്ല. ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയാലേ ഡോക്ടറുടെ സേവനം ലഭിക്കുകയുള്ളൂ. എട്ടോളം വിദ്യാഭ്യാസസ്ഥാപനങ്ങൾ ഇതിന് ചുറ്റുവട്ടത്തുണ്ട്. കല്ലാച്ചി ജി.എച്ച്.എസ്.എസ്., ഗവ.യു.പി. കല്ലാച്ചി, ചേലക്കാട് എം.എൽ.പി., കുറ്റിപ്രം എ.എൽ.പി., വരിക്കോളി എൽ.പി. എന്നീ സ്കൂളുകളും ഐ.എച്ച്. ആർ.ഡി. കോളേജ്, ഗവ. കൊമേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുമാണ് ഈ പ്രദേശത്ത് ഉള്ളത്. അഞ്ച് കി.മി. അകലെയുള്ള നാദാപുരം താലൂക്ക് ആശുപത്രിയെയാണ് പ്രാഥമിക ചികിത്സയ്ക്കായി അശ്രയിക്കുന്നത്. കുറ്റിപ്രം കേന്ദ്രത്തിലേക്ക് 200 മീറ്റർ അകലം മാത്രമേ ഉള്ളൂ. അവിടെ ഡോക്ടറുടെ സേവനം ലഭിക്കുകയാണെങ്കിൽ വിദ്യാർഥികൾക്കാണ് ഏറ്റവും ആശ്വാസമാവുക.കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാദാപുരം താലൂക്ക് ആശുപത്രിയുടെ കീഴിലാണ് ആരോഗ്യ ഉപകേന്ദ്രമുള്ളത്. 2000-ൽ ഉദ്ഘാടനം ചെയ്ത ഇവിടെ ചൊവ്വാഴ്ചകളിൽ ഒരു നഴ്സ് വരാറുണ്ട്. എന്നാൽ ഇപ്പോൾ അതും നിലച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.