SEED News

മീൻ വാങ്ങാൻ തകഴിയിൽ നല്ല കുടസഞ്ചി കിട്ടും

തകഴി: പ്ലാസ്റ്റിക് നിരോധിച്ചപ്പോൾ ഏറെ പ്രയാസം മീൻ വാങ്ങുന്നതിനാണെന്ന് വീട്ടമ്മമാർ. അതിനിതാ നല്ലൊരു കുടസഞ്ചിയെന്ന് വിദ്യാർഥികൾ. ഇതിൽ മീൻവാങ്ങി കൊണ്ടുപോരാം. കഴുകിയുണക്കിയാൽ വീണ്ടും ഉപയോഗിക്കാം. പോക്കറ്റിലിട്ടു കൊണ്ടുംപോകാം.  തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യു.പി.സ്കൂൾ വിദ്യാർഥികളുടെ പരിശ്രമം ക്ലിക്‌ ആയിരിക്കുകയാണ്. ഒപ്പം അമ്മമാർക്ക് വരുമാനത്തിനും വഴിതുറന്നു.കേടായി ഉപേക്ഷിച്ച കുടകളുടെ ശീല ഉപയോഗിച്ചാണ് സഞ്ചി നിർമാണം. ഒരു കുടശീലയിൽനിന്ന്‌ നാലും അഞ്ചും സഞ്ചികൾ റെഡി. സ്കൂളിനോടുചേർന്ന് അമ്മമാർക്കായി ആരംഭിച്ച ജീവനം സെന്ററിൽ എത്തുന്ന അമ്മമാരാണ് കുടശീലകൊണ്ട് സഞ്ചി തയ്ക്കുന്നത്.
പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്ന് കുട്ടികളുടെ ഉപേക്ഷിച്ച യൂണിഫോം ഉൾപ്പെടെയുള്ള തുണിത്തരങ്ങൾ ഉപയോഗിച്ച് വിവിധതരം സഞ്ചികളും ബാഗും നിർമിക്കുന്ന അമ്മമാർക്കുമുന്നിൽ കുടയുടെ ശീല ഉപയോഗിക്കാമെന്ന പദ്ധതി നൽകിയപ്പോൾ ഉടനതുപ്രാവർത്തികമായി.ഒരു കുടയുടെ ശീലയുമായെത്തുന്ന വിദ്യാർഥിക്ക്  ഒരുസഞ്ചി ഫ്രീ എന്നറിയിച്ചപ്പോൾ ശീലകൾ എത്തിക്കൊണ്ടിരിക്കുന്നു.ഒന്നിന് പത്തുരൂപവച്ച് വിൽപ്പന നടത്തുന്നു. ശീലയുമായെത്തുന്ന ആർക്കും ഒരു സഞ്ചി നൽകുമെന്ന് സീഡ് ക്ലബ്ബ് ചുമതലയുള്ള ആർ.രാജേഷ് മറ്റു സ്കൂളുകളിലെ വിദ്യാർഥികളെയും അറിയിച്ചുകൊണ്ടിരിക്കുന്നു.

February 04
12:53 2020

Write a Comment

Related News