SEED News

ലോക്ക് ഡൗണിലും ഭിന്നശേഷികരായ കുട്ടികളുടെ സർഗ്ഗ വസന്ധങ്ങൾ

കോതമംഗലം: ലോക്ക്ഡൗണിലും നെല്ലിക്കുഴി റോയൽ ബധിര വിദ്യാലയത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾ സർഗവസന്തങ്ങൾ വിരിയിക്കുകയാണ്. 22 കുട്ടികളും സ്‌കൂളിൽ നിന്ന് കിട്ടിയ നിർദേശാനുസരണം വൈവിധ്യതയുടെ കലവറ തുറക്കുകയായിരുന്നു ഒരുമാസക്കാലം.

കരവിരുതും ചിത്രരചനയും കവിതയും എംബ്രോയ്ഡറി, മുളയിലും പാഴ് വസ്തുക്കളും ഉപയോഗിച്ചുള്ള വിവിധ വസ്തുക്കളുടെ നിർമാണം, പച്ചക്കറികൃഷി, പാചകം തുടങ്ങിയ സർഗ വാസനകളെ പുറത്തെടുത്ത് തങ്ങളിലെ കഴിവുകൾ തെളിക്കുകയാണ് കൊച്ചുമിടുക്കന്മാരും മിടുക്കികളും. അധ്യാപകർ നൽകിയ പരിശീലനത്തിനൊപ്പം അച്ഛനമ്മമാരുടെ പ്രോത്സാഹനവും കൂടിയായപ്പോൾ സൃഷ്ടികളായി ജനിച്ചു. മുളയിലും കക്കയിലും ഉപയോഗശൂന്യമായ തുണിയും പേപ്പറുമെല്ലാം അവർ കരവിരുതിന്റെ മികച്ച നേർക്കാഴ്ചകളാക്കി. ആവശ്യമായ സന്ദർഭത്തിൽ അധ്യാപകർ ഓൺലൈനിലൂടെയും മൊബൈലിലൂടെയും ഇവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകിയിരുന്നതായി ഹെഡ്മിസ്ട്രസ് ലളിത വിനോദിനി പറഞ്ഞു. നാലാം ക്ലാസിൽ പഠിക്കുന്ന അൻസൻ സനൽ വിവിധതരത്തിലുള്ള മെഴുകുതിരികളാണ് നിർമിച്ചെടുത്തത്.

ആദിയാകട്ടെ ചിത്രരചനയിലാണ് തന്റെ പാടവം തെളിയിച്ചത്. ജുവൽ പീറ്ററാകട്ടെ വീട്ടിലൊരു അടുക്കളത്തോട്ടം തന്നെ ഉണ്ടാക്കി. തൂമ്പയെടുത്ത് മണ്ണിൽ വിയർപ്പൊഴുക്കി ഈ കൊച്ചുമിടുക്കൻ വിവിധയിനം പച്ചക്കറികൾക്ക് തടമൊരുക്കി വിത്തിട്ടു.

നന്ദന സുനിലാകട്ടെ ചിത്രരചനയ്ക്കൊപ്പം ഈറ്റയും മുളയും കൊണ്ട് കുട്ടയും വട്ടിയും ഉൾപ്പെടെ വിവിധ രൂപങ്ങൾക്ക് കരവിരുത് പകർന്നു.

April 27
12:53 2020

Write a Comment

Related News