environmental News

പ്രതീക്ഷയുടെ ചിറകടിയൊച്ച ഉയർന്ന്‌ പുത്തൻവേലിക്കര

ഇന്ന് ലോക  ജൈവ വൈവിധ്യ ദിനം.

കൊച്ചി :ചൗക്കക്കടവിലെ പുൽത്തകിടിയിൽനിന്ന്‌ കിഴക്കോട്ട് നോക്കിയാൽ കടവിനോടുചേർന്ന് ശാന്തമായി ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴ കാണാം... കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട് നേരേ ഒഴുകിവരുന്നത് പെരിയാർ. രണ്ടു നദികളും കനിഞ്ഞുനൽകിയ ഈ കരയാണ് ഒരുകാലത്ത് ജൈവ സമ്പത്തിന്റെയും സമൃദ്ധിയുടെയും നാടായിരുന്ന പുത്തൻവേലിക്കര. ആവാസ വ്യവസ്ഥകളെ അവഗണിച്ചുകൊണ്ടുള്ള മനുഷ്യനിർമിതികൾ ഇവിടത്തെ ജൈവ വൈവിധ്യത്തെ തകർക്കുന്ന നേർക്കാഴ്ചകൾ ഇപ്പോൾ പുഴയിലും കരയിലും കാണാം. എങ്കിലും ഒട്ടേറെ ദേശാടനക്കിളികളും നാട്ടുപക്ഷികളും ഇപ്പോഴും ഇവിടെ പല സീസണുകളിലും എത്തുന്നുണ്ട്.

നീരൊഴുക്ക് തടഞ്ഞുകൊണ്ടുള്ള പുഴയിലെയും തോടുകളിലെയും സ്ഥിരനിർമിതികൾ ഇവിടെയെങ്ങും കാണാം... മത്സ്യങ്ങളുടെ പ്രജനനത്തിനായുള്ള യാത്രയെ തടസ്സപ്പെടുത്തുന്ന ഷട്ടറുകളും കോൺക്രീറ്റ്‌ തടയണകളും... തോടുകൾ റോഡുകൾക്ക് വഴിമാറിയിരിക്കുന്ന പുതിയ കാഴ്ചകൾ.

2018-ലെ പ്രളയം ഈ നാടിനെ ആകെ മുക്കിയ വേദനകൾ ഇനിയും വിട്ടുമാറാറിയിട്ടില്ല. പുത്തൻവേലിക്കരയിലെ വിശാലമായി പരന്നുകിടക്കുന്ന താഴഞ്ചിറ പാടശേഖരം നെൽപ്പാടങ്ങളുടെ കലവറയായിരുന്നു. കീഴൂപ്പാടം, തെക്കേപ്പാടം, താഴഞ്ചിറപ്പാടം, തത്തംപാടം, താന്നിക്കപ്പാടം, കൈതച്ചിറപ്പാടം ഒക്കെ ഇപ്പോഴുമുണ്ട്. പക്ഷേ വിളയാൻ 11 മാസമെടുക്കുന്ന, എത്ര വെള്ളക്കെട്ടുണ്ടായാലും മുകളറ്റം മേലോട്ട്‌ ഉയർന്നുവരുന്ന ‘കുട്ടിവിത്ത്’ എന്ന പഴയ നെല്ലിനം ഇപ്പോഴില്ല. ഇവിടത്തെ തനതായ വിത്തിനമായിരുന്നു അതെന്ന് പഞ്ചായത്ത് ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റി കൺവീനറും എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ പരിവർത്തൻ േപ്രാജക്ട് ക്ലസ്റ്റർ കോ-ഓർഡിനേറ്ററുമായ എം.പി. ഷാജൻ പറഞ്ഞു.

നെല്ലിക്കോഴി, രാജഹംസം തുടങ്ങിയ വിവിധയിനങ്ങൾ... കൊക്ക്, മൈന, മാടത്ത, നീലപൊന്മാൻ തുടങ്ങിയ നിരവധി നാട്ടുപക്ഷികൾ ഒക്കെ ഇവിടെ ഇപ്പോഴും വിരുന്നിനെത്തുന്നു. ഇവിടെയുള്ള അപൂർവയിനം സസ്യങ്ങളുടെ വിവരശേഖരണവും പഞ്ചായത്തിന്റെ ജൈവവൈവിധ്യ രജിസ്റ്ററിൽ ഇടംനേടിയിട്ടുണ്ട്. പച്ചക്കുന്നുകളുടെ നാടുകൂടിയായിരുന്നു ഇവിടം... മാനാഞ്ചേരിക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കൊടികുത്തിയകുന്ന്, പരമനാശാരിക്കുന്ന്, കരോട്ടുകരക്കുന്ന്, ഇഞ്ചാരക്കുന്ന്. ചുവന്ന മണ്ണ് ഘനനംചെയ്തു പോയതോടെ കുന്നുകളുടെ പഴയ അവസ്ഥ മാറി.

പ്രദേശത്ത് മുയലും പാമ്പും മരപ്പട്ടിയും കീരിയും നീർനായയും ഉണ്ട്. പ്രളയത്തിന് ശേഷം കുറുക്കന്മാരും മലമ്പാമ്പും കൂടുതലായി കാണുന്നതായും നാട്ടുകാർ പറഞ്ഞു.

ചാലക്കുടിപ്പുഴയിൽ നിരവധി ശുദ്ധജല മത്സ്യം കിട്ടിയിരുന്ന സ്ഥലമാണിത്‌. മലിനീകരണം വർധിച്ചതിനാൽ ഇവയിൽ പലതും വംശനാശ ഭീഷണിയിലാണ്.

പൂളാൻ, വെട്ടൻ എന്നിവ വളരെ കുറഞ്ഞു. ഉപ്പുവെള്ളമുള്ള പെരിയാറിൽനിന്ന്‌ ലഭിച്ചിരുന്ന കരിമീൻ, കണമ്പ്, കാളാഞ്ചി, വറ്റ, ഞണ്ട്, പ്രായിൽ എന്നീ മത്സ്യങ്ങളുടെയും സമൃദ്ധി ഇപ്പോഴില്ല.

May 22
12:53 2020

Write a Comment