environmental News

ലോക സമുദ്രദിനo

ചിത്രങ്ങളിലും പോസ്റ്ററുകളിലുമൊക്കെ കാണുമ്പോൾ കടലിന് നല്ല നീലനിറമാണ്. എന്നാൽ, നമ്മൾ ബീച്ചിൽ പോയി നോക്കുമ്പോൾ കടലിന് പലപ്പോഴും ഇരുണ്ട നിറമാണല്ലോ. അതിനു കാരണമെന്താണ്?...’’- ചോദ്യമെത്തിയപ്പോൾ കമാൻഡർ അഭിലാഷ് ടോമി പുഞ്ചിരിച്ചു. അഭിലാഷ് സംസാരിച്ചുതുടങ്ങിയപ്പോൾ പുഞ്ചിരി ഗൗരവത്തിലേക്കു മാറി. തിരമാലകൾപോലെ പിന്നെയും ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു. എല്ലാത്തിനും ഉത്തരമേകി അഭിലാഷ് നാവികനായപ്പോൾ കുട്ടികൾക്കെല്ലാം അത് അറിവിന്റെ സന്തോഷവും പുതിയ ദൗത്യത്തിന്റെ ഉത്തരവാദിത്വവുമായി.

ലോക സമുദ്രദിനത്തിൽ മാതൃഭൂമി ‘സീഡി’ന്റെ ആഭിമുഖ്യത്തിലാണ് നാവികസേന കമാൻഡർ അഭിലാഷ് ടോമിയും കുട്ടികളും ഓൺലൈനിൽ ഒത്തുകൂടിയത്. അഭിലാഷ് ഗോവയിൽനിന്ന് പങ്കുചേർന്നപ്പോൾ 14 ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 28 കുട്ടികളാണ് പരിപാടിക്കെത്തിയത്. പാലക്കാട് ഭാരതമാത സ്കൂളിലെ ആർ. റിതു പായ്‌വഞ്ചിയിൽ ഒറ്റയ്ക്കു ലോകംചുറ്റിയ അനുഭവങ്ങൾ അഭിലാഷിനോട് ആരാഞ്ഞാണു തുടങ്ങിയത്.

അഞ്ചുമാസത്തിലേറെ നീണ്ട കടൽയാത്രയിൽ വിജയിക്കാനുള്ള മന്ത്രമായി അഭിലാഷ് പങ്കുവെച്ചത് ഒരു വാചകം മാത്രം - ‘പേടിയെ കീഴടക്കിയാൽ നമ്മൾ പകുതി ജയിച്ചു’.

സമുദ്രത്തിന്റെ സമ്പത്തും സൗന്ദര്യവും വീണ്ടെടുക്കാൻ കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്നാണ് അദ്ദേഹം കുട്ടികളോടു പറഞ്ഞത്. കടലിൽ ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഏറിവരുന്ന കാലമാണ് വരാനിരിക്കുന്നത്. ആഗോളതാപന നിരക്ക് നിർണയിക്കുന്ന സുപ്രധാന ശക്തിയായി സമുദ്രങ്ങൾ മാറിക്കഴിഞ്ഞു. താളപ്പിഴകൾ നിറഞ്ഞ സമുദ്രത്തിലെ ആവാസവ്യവസ്ഥകൾ പരമാവധി ശുദ്ധമാക്കാനും ശ്രമങ്ങളുണ്ടാകണമെന്ന് അഭിലാഷ് പറഞ്ഞു.

സമുദ്ര സംരക്ഷണത്തിനായി മാതൃഭൂമി സീഡിലൂടെ പരമാവധി കാര്യങ്ങൾ ചെയ്യുമെന്ന് കുട്ടികൾ പറഞ്ഞു. മാതൃഭൂമി സീനിയർ റിപ്പോർട്ടർ സിറാജ് കാസിം മോഡറേറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ. മധു സ്വാഗതവും മാതൃഭൂമി കൊച്ചി യൂണിറ്റ് സീനിയർ ന്യൂസ് എഡിറ്റർ വി. ജയകുമാർ നന്ദിയും പറഞ്ഞു.

June 09
12:53 2020

Write a Comment