environmental News

അതിരപ്പിള്ളി ആർക്കു വേണ്ടി...?



ഏത് വണ്ടി വാങ്ങിച്ചാലും മലയാളി ചോദിക്കുക മൈലേജ് എന്തു കിട്ടുമെന്നാണ്.....അതിരപ്പിള്ളി
 ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിലും ഉയരുന്ന ചോദ്യമിതാണ് എന്തു കിട്ടും...?

പദ്ധതി വിഭാവനം ചെയ്ത 38 വര്‍ഷം മുമ്പുള്ള സമവാക്യങ്ങളൊന്നും ഇപ്പോള്‍ അന്തരീക്ഷത്തില്‍ പോലുമില്ല. 1982ല്‍ പ്രോജക്ട് തയ്യാറാക്കിയപ്പോള്‍ വൈദ്യുതി വകുപ്പ് പറഞ്ഞത് 993 കോടി രൂപയ്ക്ക് പദ്ധതി പ്രാവര്‍ത്തികമാക്കാമെന്നായിരുന്നു. എന്നാല്‍ അന്ന് തന്നെ പദ്ധതി ചെലവ് 1,500 കോടി രൂപയെങ്കിലുമാകുമെന്ന് വകുപ്പിലെ വിദഗ്ധര്‍ തന്നെ വിലയിരുത്തിയിരുന്നു. ആയിരം കോടി രൂപയ്ക്ക് മുകളില്‍ പദ്ധതി ചെലവ് കാണിച്ചാല്‍ സാങ്കേതിക, സാമ്പത്തിക അനുമതി വീണ്ടും വാങ്ങേണ്ടി വരുമെന്നതനാലാണ് ചെലവ് ആയിരം കോടിയില്‍ താഴ്ത്തി നിര്‍ത്തിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പദ്ധതി ചെലവ് ചുരുങ്ങിയത് 2,500 കോടിരൂപയെങ്കിലുമാകും. ഒരു മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാന്‍ 10 കോടി രൂപ ചെലവുവരുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്ക്. ആ നിലയ്ക്കാണ് 163 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന അതിരപ്പിള്ളി പദ്ധതിക്ക് 1,630 കോടി രൂപ ചെലവ് വരുമെന്ന് ഇപ്പോള്‍ കണക്കാക്കുന്നത്. പദ്ധതി തുടങ്ങി പൂര്‍ത്തിയാകാന്‍ ഏഴു വര്‍ഷമെങ്കിലും വേണ്ടി വരും. അഞ്ചുശതമനം വിലക്കയറ്റം കണക്കിലെടുത്താല്‍ പോലും 2000-2,300 കോടി രൂപയെങ്കിലുമാകും പദ്ധതി ചെലവ്.

പദ്ധതിയിലൂടെ ലഭിക്കുക പ്രതിവര്‍ഷം 23.3 കോടി യൂണിറ്റ് ആണ്. യൂണിറ്റിന് ഇപ്പോഴത്തെ നിരക്കില്‍ അഞ്ചു രൂപ കണക്കാക്കിയാല്‍ പ്രതിവര്‍ഷം 116.5 കോടി രൂപ തിരിച്ചു കിട്ടും. മൊത്തം പദ്ധതി ചെലവ് തിരിച്ചു കിട്ടാന്‍ ചുരുങ്ങിയത് 20-25 വര്‍ഷമെടുക്കും. വൈദ്യുതി ബോര്‍ഡ് കടമെടുത്താണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ 25 വര്‍ഷത്തെ പലിശ തന്നെ മുതല്‍മുടക്കിന്റെ അത്രയും വരും. ചുരുക്കത്തില്‍ അരനൂറ്റാണ്ടെങ്കിലും പ്രവര്‍ത്തിപ്പിച്ചാലെ അതിരപ്പിള്ളി പദ്ധതി ലാഭത്തിലാകു. ഇതിന് പുറമേയാണ് ഓരോ വര്‍ഷത്തേയും പ്രവര്‍ത്തന ചെലവ്.

ഇനി കണക്കാക്കേണ്ടത് വൈദ്യുതിയുടെ ഇപ്പോഴത്തെ സാഹചര്യമാണ്. കേരളത്തിന്റെ വൈദ്യുതി ആവശ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ പുറമേ നിന്നുള്ള വൈദ്യുതി തന്നെയാണ് എക്കാലവും ആശ്രയം. അതിരപ്പിള്ളി പദ്ധതി വിഭാവനം ചെയ്ത് അനുമതി ലഭിക്കുന്ന കാലത്ത് പുറമേ നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10-15 രൂപ കൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. ഇന്ത്യമുഴുവന്‍ സ്വകാര്യമേഖലയില്‍ വൈദ്യുതി ഉത്പാദകരുടെ എണ്ണം കൂടുകയാണ്. ഉത്പാദനം വര്‍ദ്ധിച്ചതോടെ വൈദ്യുതി നിരക്കില്‍ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. കേരളം പോലും പുറമേ നിന്നുള്ള കമ്പനികളുമായി ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയിരിക്കുന്നത് യൂണിറ്റിന് 4.5-05 രൂപയ്ക്കാണ്. ആവശ്യമുള്ള സമയത്ത് വൈദ്യുതി വാങ്ങുന്നതിനുള്ള സംവിധാനമായ പവര്‍ എക്‌സ് ചേഞ്ചില്‍ ഇപ്പോള്‍ യൂണിറ്റിന് 2.50-03 രൂപയേ ഉള്ളു.

ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് കഴിഞ്ഞവര്‍ഷം ലഭിച്ച 2613 കോടി യൂണിറ്റില്‍ 487 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചില്ലെന്നത്. വൈദ്യുതി റെഗുലേറ്ററി കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ച രേഖകകള്‍ പ്രകാരം 2,435 കോടി രൂപയുടെ വൈദ്യുതിയാണ് ഉപയോഗിക്കാതിരുന്നത്. അതായാത് ഇപ്പോഴത്തെ നിരക്കില്‍ ഒരു 'അതിരപ്പിള്ളി പദ്ധതി'യുടെ പ്രാരംഭ ചെലവിന്റെയത്ര വൈദ്യുതി, കേരളം ഒരുവര്‍ഷം കൊണ്ട് പാഴാക്കി.

അതിരപ്പിള്ളി പദ്ധതിക്ക് ആകെ 342 ഏക്കർ (138.60 ഹെക്ടർ ) വനഭൂമി ആവശ്യമാണ്. ജലസംഭരണിക്ക് മാത്രം 257 ഏക്കർ (104.4 ഹെക്ടർ ) വനഭൂമി വേണം. അത്രയും വനം ഇല്ലാതാകുമെന്ന് സാരം.

ടി.ജെ ശ്രീജിത്ത് ...........

June 11
12:53 2020

Write a Comment