SEED News

ബഹിരാകാശസഞ്ചാരികളുടെ വേഷത്തിൽ കുട്ടികളുടെ ഓൺലൈൻ ചന്ദ്രോത്സവം

ചെങ്ങന്നൂർ: ദിവസങ്ങൾക്കുമുമ്പേ കുട്ടികൾ ഒരുങ്ങിത്തുടങ്ങി. വെളുത്ത കുപ്പായവും ഓവർകോട്ടുമൊക്കെ രക്ഷിതാക്കളുടെ സഹായത്തോടെ സംഘടിപ്പിച്ചു. ഹെൽമെറ്റിൽ വെളുത്ത പേപ്പറും തുണിയുമൊക്കെ ചുറ്റി ബഹിരാകാശയാത്രികർ തലയിൽവെക്കുന്നതുപോലെയാക്കി മാറ്റി. ചാർട്ട് പേപ്പറും പി.വി.സി. പൈപ്പുമൊക്കെ സംഘടിപ്പിച്ച് റോക്കറ്റിന്റെ മാതൃകയുമൊരുക്കി.
 കഴിഞ്ഞദിവസം പേരിശ്ശേരി ഗവ. യു.പി.സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബ്‌ സംഘടിപ്പിച്ച ചാന്ദ്രദിന ആഘോഷത്തിൽ പങ്കെടുക്കാനായിരുന്നു ഒരുക്കങ്ങളൊക്കെ. ഇതൊക്കെ കേട്ടിട്ട് സ്കൂളിൽ ആയിരുന്നു ആഘോഷമെന്ന് കരുതിയെങ്കിൽ തെറ്റി. സ്വന്തം വീട്ടിൽത്തന്നെ ഇരുന്ന് വെബിനാർ വഴിയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞൻ പി.സി.അനൂപാണ് വെബിനാർ തിരുവനന്തപുരത്തുനിന്ന്‌ ഉദ്ഘാടനം ചെയ്തത്. കളിയിലൂടെയും കഥകളിലൂടെയും ചന്ദ്രനെപ്പറ്റിയുള്ള വിവരങ്ങൾ അദ്ദേഹം കുട്ടികൾക്ക് പകർന്നുനൽകി. മുൻ പ്രഥമാധ്യാപകൻ വി.ജി.സജികുമാറും വെബിനാറിൽ പങ്കെടുത്ത് മുഖ്യപ്രഭാഷണം നടത്തി. ചിത്രരചനാമത്സരം, പ്രശ്നോത്തരി തുടങ്ങിയവയും നടത്തി. അധ്യാപകരായ വി.വിനീത, വി.ആർ.സരിത, എം.ജി.ജയശ്രീ, ബീനാ ദിവാകരൻ, ഡി.സജിതാമോൾ, പി.സിന്ധു എന്നിവ നിർദേശങ്ങൾ നൽകി. സീഡ് കോ-ഓർഡിനേറ്റർ ഇ.അജികുമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

July 23
12:53 2020

Write a Comment

Related News