സീഡ് റിപ്പോർട്ടർ വാർത്ത തുണയായി ഇനി മരങ്ങൾക്കു ശ്വാസം വിടാം മാലിന്യം മാറ്റാൻ നടപടി.
കൊച്ചി: മാലിന്യക്കൂമ്പാരത്തിൽ പൊതിഞ്ഞു നിന്നിരുന്ന മരങ്ങൾക്കിനി ശ്വാസം വിടാം. ‘സീഡ്’ റിപ്പോർട്ടർ അനഘ സോമന്റെ 'പാവം മരം, ചുറ്റും സുരക്ഷാ വലയമോ വേസ്റ്റ് ബിന്നോ' എന്ന വാർത്തയാണ് നഗരത്തിലെ മരങ്ങൾക്ക് പുതുജീവിതം നൽകിയത്. കലൂർ സെയ്ന്റ് ഫ്രാൻസിസ് പള്ളി മുതൽ മാർക്കറ്റ് വരെയുള്ള ഭാഗങ്ങളിൽ നട്ടിരുന്ന മരങ്ങളുടെ സുരക്ഷാ വലയങ്ങളിൽ മാലിന്യമിട്ടതിനെക്കുറിച്ചായിരുന്നു അനഘയുടെ വാർത്ത.
വാർത്തയറിഞ്ഞ് സ്ഥലത്തെത്തിയ കൊച്ചി മേയർ സൗമിനി ജെയിൻ മാലിന്യം മാറ്റാൻ നടപടിയെടുത്തു. ശുചീകരണത്തൊഴിലാളികൾ മണിക്കൂറോളം ജോലിയെടുത്താണ് സംരക്ഷണ വലയങ്ങളിൽ നിന്ന് മാലിന്യം മാറ്റിയത്. കുട്ടികൾ കാണിക്കുന്ന പ്രകൃതി സ്നേഹത്തിന്റെ ഒരു കണികയെങ്കിലും മുതിർന്നവർക്കുണ്ടാവണമെന്ന് മേയർ പറഞ്ഞു.
നഗരം മാലിന്യക്കൂമ്പാരമാകുന്നത് ജനങ്ങളുടെ അശ്രദ്ധ കൊണ്ടാണെന്നും നടപ്പാതകളിൽ നട്ടിരിക്കുന്ന മരങ്ങളുടെ ചുറ്റുമുള്ള മാലിന്യം മാറ്റാൻ സമീപത്ത് കട നടത്തുന്നവരും ശ്രമിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. നവനിർമാൺ വിദ്യാലയത്തിലെ സീഡ് റിപ്പോർട്ടറാണ് അനഘ. സ്കൂളിലെ സീഡ് കോ-ഓർഡിനേറ്റർ അധ്യാപിക ഗംഗാദേവി, എം.കെ. സോമൻ, ജീന സോമൻ, പി.എം. ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു
September 11
12:53
2020