SEED News

പട്ടിക്കാട് സ്‌കൂളിൽ 'മിയാവാക്കി' ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു

പട്ടിക്കാട്: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ 'മിയാവാക്കി' ജൈവവൈവിധ്യ ഉദ്യാനം ഒരുങ്ങുന്നു. ഏവർക്കും മാതൃകയാക്കാവുന്ന പദ്ധതിക്ക് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തുടക്കംകുറിക്കുന്നത്. കുറഞ്ഞ സ്ഥലത്ത് ധാരാളം സസ്യവർഗങ്ങൾ നട്ട് ഹരിതാഭമാക്കുന്നതാണ് ‘മിയാവാക്കി’. സ്‌കൂളിൽ രണ്ടിടങ്ങളിലായി 102 സ്‌ക്വയർ മീറ്റർ സ്ഥലത്താണ് ഇത്തരത്തിൽ കൃത്രിമ വനം ഒരുക്കുന്നത്.

ഒരുമീറ്റർ ആഴത്തിലുള്ള കുഴിയെടുത്ത് ചികിരിച്ചോർ, ചാണകപ്പൊടി, ഉമി എന്നിവ തുല്യ അനുപാതത്തിൽ ചേർത്ത് മികച്ചരീതിയിലുള്ള മണ്ണൊരുക്കിയാണ് ഈ കൃഷിരീതി നടപ്പാക്കുന്നത്. ഒരു സെന്റിൽ 162 ചെടികളാണ് നടാൻ സാധിക്കുക. ഇത്തരം ചെടികൾ സൂര്യപ്രകാശത്തിനായി അതിവേഗം വളരുകയും മൂന്നുവർഷംകൊണ്ട് 30 അടി പൊക്കത്തിൽ എത്തുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടുതന്നെ പത്തുവർഷത്തിനകം നൂറുവർഷം സസ്യസമ്പത്തുള്ള മനുഷ്യനിർമിത വനമായി ഇതു മാറും. വിദ്യാലയത്തിലെ സീഡ് കോ-ഓർഡിനേറ്ററായ ഷർമിള, മുൻ അധ്യാപിക രാജലക്ഷ്മി, സീഡ് വിദ്യാർഥികൾ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്.

ഉദ്യാനത്തിൽ തൈനടീൽ ഉദ്ഘാടനം പി. അബ്ദുൽഹമീദ് എം.എൽ.എ. നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉമ്മർ അറയ്ക്കൽ, കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഖദീജ, സോഷ്യൽ ഫോറസ്റ്ററി ഓഫീസർ വി.ബി. ശശികുമാർ, പി.ടി.എ. പ്രസിഡന്റ് പി. അബ്ദുൽ അസീസ്, പ്രിൻസിപ്പൽ പി. അബ്ദുൽബഷീർ, പ്രഥമാധ്യാപകൻ കെ. വിവേകാനന്ദൻ, വേലു തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പിനായി പൂർവവിദ്യാർഥികളുടെ വകയായുള്ള സഹായധന വിതരണവും ഇതോടനുബന്ധിച്ച് നടന്നു.

September 11
12:53 2020

Write a Comment

Related News