reporter News

ഉത്തരപ്പള്ളിയാർ കൈയേറ്റം അധികാരികൾ കാണുന്നില്ലേ.. ? മഴപെയ്താൽ വീടുകൾ വെള്ളത്തിലാണ്

നെടുവരംകോട്: കഴിഞ്ഞദിവസങ്ങളിൽ കനത്തമഴയിൽ കുളിക്കാംപാലം ഭാഗത്ത് ആറ് കരകവിഞ്ഞ് റോഡിലും വീട്ടുമുറ്റത്തും വെള്ളം കയറിയത് പ്രദേശവാസികളെ ദുരിതത്തിലാക്കി. പുലിയൂർ- ചെറിയനാട് പഞ്ചായത്ത് അതിർത്തിയിലുള്ള പ്രദേശമാണിത്. മുൻപ് ആറ് ചെറുതായി പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകുന്നുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇവിടെ വെള്ളക്കെട്ടാണ്. അൻപതോളം വീടുകൾ ഇത്തരത്തിൽ വെള്ളക്കെട്ടിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.കൈയേറ്റംമൂലം ഏതാണ്ട് നാൽപ്പതുവർഷങ്ങളായി ആറ്് ഓർമ മാത്രമാണ്. കരപ്രദേശമായ ഭാഗത്ത് ഇരുനിലവീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ ഉയർന്നു. ആറൊഴുകിയ കഥയറിയാതെയാണ് പലരും ഇവിടെ ഭൂമി വാങ്ങിച്ചതും കെട്ടിടങ്ങൾ പണിതതും. വസ്തുവിന്റെ ആധാരവും മറ്റും കൈവശമുള്ള ഇവരിൽ പലരും കരമടയ്ക്കുന്നുണ്ട്. പ്രദേശത്തെ കിണറുകളിൽ മുൻപുണ്ടായിരുന്ന ശുദ്ധജലം ഇന്നില്ല. മഴപെയ്താൽ റോഡിലും വീട്ടുമുറ്റത്തും വെള്ളം കയറുന്നുണ്ട്. ആറ്്‌ വീണ്ടെടുത്താൽ മാത്രമെ ഈ ദുരവസ്ഥയ്ക്ക് പരിഹാരമാകൂ. അധികാരികൾ ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമാണ്.

പി.ബി. അരുണിമ
സീഡ് റിപ്പോർട്ടർ 
ഡി.ബി.എച്ച്‌.എസ്.എസ്. ചെറിയനാട്







October 12
12:53 2020

Write a Comment