SEED News

അബ്ദുള്‍കലാമിന്റെ ജീവതം പുതുതലമുറ മാതൃകയാക്കണം - ജി.മാധവന്‍നായര്‍

അബ്ദുള്‍കലാമിന്റെ ജീവതം പുതുതലമുറ
മാതൃകയാക്കണം -  ജി.മാധവന്‍നായര്‍

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍കലാമിന്റെ ജീവിതം പുതുതലമുറ മാതൃകയാക്കണമെന്ന് ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.ജി.മാധവന്‍നായര്‍ അഭിപ്രായപ്പെട്ടു. എ.പി.ജെ. അബ്ദുള്‍കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിയ്ക്കുശേഷം മഹാത്മാവ് എന്ന വിശേഷിപ്പിക്കാവുന്ന ചുരുക്കംചില വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രപതി പദം അലങ്കരിച്ചത്്. ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി ഭവന്‍ വിദ്യാര്‍ഥികള്‍ക്കായി തുറന്നു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. കുട്ടികളെ സ്‌നേഹിക്കുക, അവരാണ് ഭാവിയുടെ വാഗ്ദാനമെന്ന് എപ്പോഴും ഓര്‍മ്മപ്പെടുത്തുമായിരുന്നു.
ചന്ദ്രനില്‍ ആദ്യമായി നീലാംസ്‌ട്രോങ് കാലുകുത്തിയപ്പോള്‍ ഒരുനാള്‍ ഇന്ത്യയും ഇതുപോലെ നേട്ടം കൈവരിക്കുമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇൗ ഓര്‍മ്മപ്പെടുത്തലിലൂടെ വലിയൊരു ലക്ഷ്യമാണ് ഞങ്ങള്‍ക്ക് മുന്നില്‍ വെച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശാനുസരണം ഞാന്‍ നിര്‍മിച്ച വാട്ടര്‍ ആക്ടിവേറ്റഡ് സ്വിച്ച് ഭാവിയില്‍ നിരവധി പരീക്ഷണങ്ങള്‍ക്കാണ് ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്.  
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുകയും അതേപ്പറ്റി സ്വയം ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം കണ്ടെത്താനും ശ്രമിക്കണം. ഇതിലൂടെ സ്‌കൂള്‍തലത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ സംവാദത്തില്‍ പങ്കെടുത്തു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍
അജ്ഞലി രാജന്‍ സ്വാഗതം പറഞ്ഞു. ഫെഡറല്‍ ബാങ്ക് തിരുവനന്തപുരം റീജിയണ്‍ ബിസിനസ് ബാങ്കിങ് ഡെവലപ്‌മെന്റ് മാനേജര്‍ അനില്‍ സ്റ്റീഫര്‍ ജോണ്‍സ് ആമുഖപ്രഭാഷണം നടത്തി.

October 17
12:53 2020

Write a Comment