നാളേക്ക് ഭീഷണിയായി മാലിന്യം
കൊളത്തറ: ഞെളിയൻപറമ്പിനടുത്തുള്ള നല്ലളം കുന്നുമ്മൽ പ്രദേശത്ത് ആളുകൾ പാർക്കുന്നത് മാലിന്യത്തിനിടയിൽ. ഈ ഭാഗത്താണ് ചെറുവണ്ണൂർ-നല്ലളം പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, കൃഷിഭവൻ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് എന്നിവയുള്ളത്. ജൈവ-അജൈവ മാലിന്യങ്ങൾ ഒഴിഞ്ഞ പറമ്പുകളിലും പൊതു സ്ഥലങ്ങളിലും വലിച്ചെറിഞ്ഞ അവസ്ഥയിലാണ്. സർക്കാർ പ്ലാസ്റ്റിക് നിരോധനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക് ബാഗുകൾതന്നെയാണ് വീടുകളിലെത്തുന്നത്. ഈ മാലിന്യങ്ങൾ കോർപ്പറേഷൻ നിയോഗിച്ച ഹരിതകർമസേന പ്രവർത്തകർ ശേഖരിക്കുന്നുണ്ട്. അതൊന്നും വകവെക്കാതെ പലരും പ്ലാസ്റ്റിക് അടക്കമുള്ളവ കത്തിക്കുകയും വലിച്ചെറിയുകയും ചെയ്യുകയാണ്. ഇതുമൂലം ഈ പ്രദേശത്ത് അന്തരീക്ഷമലിനീകരണവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇത് പ്രകൃതിയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. മാലിന്യസംസ്കരണം ശരിയായ രീതിയിൽ നടത്താത്തവർക്കെതിരേ നടപടി കൈകൊള്ളണമെന്നാണ് അപേക്ഷ.