SEED News

ബാലാവകാശ സംവാദവുമായി മാതൃഭൂമി സീഡ് കുട്ടി പാർലമെന്റ്

ബാലാവകാശങ്ങളെ ചെറുതായി കാണരുത്ബാലാവകാശ സംവാദവുമായി മാതൃഭൂമി സീഡ് കുട്ടി പാർലമെന്റ്

ആലപ്പുഴ: വിദ്യാലയങ്ങളിലേക്കുള്ള യാത്രാവേളകളിലുൾപ്പെടെ പൊതുവിടങ്ങളിൽനിന്നുനേരിടുന്ന ബാലാവകാശലംഘനങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ. ബാലാവകാശങ്ങൾ ലംഘിക്കപ്പെടാനുള്ളതല്ലെന്നും അത് എല്ലാ മേഖലകളിലും സംരക്ഷിക്കപ്പെടണമെന്നും ഊന്നിപ്പറഞ്ഞ് ഭാവിപൗരർ. ബാലാവകാശങ്ങളിലൂടെയുള്ള അതിജീവനമാണു പൊതുസമൂഹത്തിലേക്ക് ഓരോരുത്തരെയും നയിക്കുന്നത്. ഇന്നത്തെ വിദ്യാർഥികളാണു നാളത്തെ സമൂഹമെന്നതു തിരിച്ചറിഞ്ഞുള്ള പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ നിന്നുൾപ്പെടെയുണ്ടാകണമെന്നും വിദ്യാർഥികൾ നിർദേശിച്ചു.

ലോകശിശുദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് നടത്തിയ സംസ്ഥാനതല ഓൺലൈൻ കുട്ടി പാർലമെന്റിന്റെ ബാലാവകാശ സംവാദത്തിലാണു വിദ്യാർഥികൾ അവർ നേരിടുന്ന വെല്ലുവിളികൾ അവതരിപ്പിച്ചത്. കാലാനുസൃതമായിവേണ്ട മാറ്റങ്ങളെക്കുറിച്ച് എല്ലാ ജില്ലകളിൽനിന്നുമുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾ അഭിപ്രായങ്ങൾ പങ്കുവെച്ചു.

തൃശ്ശൂർ രാമവർമപുരം ജി.വി.എച്ച്.എസ്.എസിലെ കെ.എസ്. നമിത ഒന്നാംസ്ഥാനം നേടി. പത്തനംതിട്ട പ്രമാടം നേതാജി എച്ച്.എസ്.എസിലെ ഡോണ പി. എബ്രഹാം, തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അപർണ പ്രഭാകർ എന്നിവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനംനേടി. പങ്കെടുത്ത മറ്റുവിദ്യാർഥികൾക്ക് ഇ- സാക്ഷ്യപത്രം ലഭിക്കും.

പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ. ആർ. അപർണാനാരായണൻ, ചേളന്നൂർ എസ്.എൻ.ജി. കോളേജ് അസി. പ്രൊഫസർ ഡോ. എൻ. അനുസ്മിത, മാതൃഭൂമി ചീഫ് ലൈബ്രേറിയൻ പി. സോമശേഖരൻ എന്നിവർ വിധികർത്താക്കളായി. ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജണൽ ഹെഡുമായ ബെറ്റി വർഗീസ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആലപ്പുഴ റീജണൽ മാനേജർ സി. സുരേഷ് കുമാർ സ്വാഗതവും ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ വി.വി. തമ്പാൻ നന്ദിയും പറഞ്ഞു. ക്ലബ്ബ് എഫ്.എം. ആർ.ജെ. ചിച്ചു മോഡറേറ്ററായി.

November 21
12:53 2020

Write a Comment

Related News