SEED News

സീഡ് കൂട്ടുകാരുടെ സോപ്പിൽ പതയുന്നത് കാരുണ്യ സ്പർശം

കാലിച്ചാനടുക്കം: കോവിഡ് കാലത്തും കാരുണ്യത്തിന്റെ മാതൃക തീർത്ത് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ സീഡ് ക്ലബ്ബ് കൂട്ടുകാർ. മലപ്പച്ചേരി ന്യു മലബാർ പുനരധിവാസകേന്ദ്രത്തിലെ പാവപ്പെട്ട അന്തേവാസികൾക്ക് ആവശ്യമായ സോപ്പുകളും മുഖാവരണവും സ്വന്തമായി നിർമിച്ചുനൽകിയാണ് വിദ്യാർഥികൾ മാതൃകയായത്.

കോവിഡായതിനാൽ സ്കൂളിലെത്താൻ കഴിയാത്തതോടെ കെ.പി.അക്ഷയ, കെ.കൃഷ്ണപ്രിയ, കെ.കൃഷ്ണകൃപ എന്നീ സീഡ് ക്ലബ്ബ് അംഗങ്ങൾ വീട്ടിൽനിന്നുതന്നെ സോപ്പുകളും മുഖാവരണവും തയ്യാറാക്കി സ്കൂളിലെത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക്‌ വിരുദ്ധ സന്ദേശം പകരുന്നതിന്റെ ഭാഗമായി നിർമിച്ച സോപ്പുകൾ ഇലകളിൽ പൊതിഞ്ഞാണ് വിതരണത്തിന്‌ തയ്യാറാക്കിയത്. തുടർന്ന് സ്കൂൾ ജീവനക്കാർ പ്രഥമാധ്യാപികയുടെ നേതൃത്വത്തിൽ പുനരധിവാസ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

വിദ്യാർഥികളുടെ സഹായത്തിനൊപ്പം ജീവനക്കാരുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യം, ശുചീകരണ സാമഗ്രികൾ, സാനിറ്റൈസർ തുടങ്ങിയവയും അന്തേവാസികൾക്കായി എത്തിച്ചു.

കുട്ടികളും സ്കൂൾ ജീവനക്കാരും ചേർന്നൊരുക്കിയ സഹായം പുനരധിവാസകേന്ദ്രം ചെയർമാൻ എം.എം.ചാക്കോയ്ക്ക് പ്രഥമാധ്യാപിക ഷേർലി ജോർജ് കൈമാറി. സീനിയർ അസിസ്റ്റന്റ് എം.വി.ആശ, പി.ശ്രീകല, മിനി മനോജ്, ടി.സിജിമോൾ, കെ.രവി, മധു കുമാർ, എം.വി.ശ്രീന, സീഡ് കോ ഓർഡിനേറ്റർമാരായ കെ.ബേബി, വി.റീന എന്നിവർ നേതൃത്വം നൽകി.

December 28
12:53 2020

Write a Comment

Related News