ആലപ്പുഴ - മധുര റോഡിൽ അപകടക്കെണി
മുഹമ്മ: ആലപ്പുഴ - മധുര റോഡിൽ മുഹമ്മയ്ക്കുസമീപം എൻ.എസ്.എസ്. ജങ്‌ഷന് തെക്ക് റോഡരികിലെ കൈത്തോട് യാത്രക്കാർക്ക് ഭീഷണിയാകുന്നു. മേൽമൂടിയോ കൽക്കെട്ടോ ഇല്ലാതെ തുറന്നിരിക്കുന്ന കൈത്തോട് പ്രധാനറോഡിന് വളരെ അടുത്താണ്.
രാത്രികാലങ്ങളിൽ ഇതുവഴിപോകുന്ന ഇരുചക്രവാഹനയാത്രികർ ഈ തോട്ടിൽവീഴുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞയിടയ്‌ക്ക് ഇവിടെവീണ് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. രാത്രികാലത്ത് ബൈക്ക് പോസ്‌റ്റിൽ ഇടിച്ചായിരുന്നു അപകടം. കൈത്തോടിനുമുകളിൽ ഉടനെ സ്ലാബ് വിരിച്ചാൽ ഒരുപരിധിവരെ അപകടങ്ങൾ ഒഴിവാക്കാനാകും. കൂടാതെ, ഈ ഭാഗത്ത് മുന്നറിയിപ്പുബോർഡും സ്ഥാപിക്കണം. റോഡ് അടുത്തിടെ പുനർനിർമിച്ചതിനാൽ വേഗത്തിലാണ് വാഹനങ്ങൾ പോകുന്നത്.
ഇത് അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. കൂടാതെ റോഡിലെ വളവുകളും ആശങ്കയുണർത്തുന്നു. എത്രയുംപെട്ടെന്ന് അധികാരികൾ ഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽ വലിയ വിലയാണ് കൊടുക്കേണ്ടിവരിക.
January 11
12:53
2021