SEED News

കോവിഡ് അവധി വെറുതെയായില്ല തടയണ തീർത്ത് സീഡ് കൂട്ടുകാർ

കാസർകോട്: കോവിഡ് പശ്ചാത്തലത്തിൽ കിട്ടിയ അവധി നാടിന്റെ ദാഹമകറ്റാൻ വിനിയോഗിച്ച് മാതൃഭൂമി സീഡ് വിദ്യാർഥികൾ. ഓൺലൈൻ ക്ലാസുകൾക്കിടയിൽ ലഭിച്ച ഒഴിവുനേരം സാമൂഹികപ്രവർത്തനത്തിന് ഉപയോഗിച്ച് മാതൃകയായിരിക്കുകയാണ് എടനീർ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ. കൊച്ചുകല്ലുകളും കമ്പുകളും ഉപയോഗിച്ചാണിവർ താത്കാലിക തടയണ നിർമിക്കുന്നത്. വരൾച്ചയെ അതിജീവിക്കാൻ മാതൃഭൂമി സീഡ് തടയണോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'കെട്ടാം തടയണ തടയാം വരൾച്ചയെ' എന്ന ബോധവത്കരണ പ്രവർത്തനത്തിലൂടെയാണ് കൊച്ചു കൂട്ടുകാർ മാതൃക തീർത്തിരിക്കുന്നത്. എടനീർ സ്വാമിജീസിലെ പ്ലസ് വൺ വിദ്യാർഥികളായ സുജിത്ത്, ഗുരുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാലയത്തിന് സമീപം സ്ഥിതിചെയ്യുന്ന കൈത്തോടിൽ ചെറുതടയണ നിർമിക്കുന്നത്.

നീണ്ട അവധിക്കുശേഷം വിദ്യാലയത്തിലേക്ക് തിരിച്ചെത്തുന്ന സഹപാഠികൾക്ക് ജലലഭ്യത ഉറപ്പാക്കാനാണ് ഈ പ്രവർത്തനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് അവർ പറയുന്നു.

നേരത്തെ എടനീർ മഠത്തിനരികിലൂടെയൊഴുകുന്ന മധുവാഹിനിപ്പുഴയിൽ നിർമിച്ച തടയണ സന്ദർശിച്ച് വിദ്യാർഥികൾ തടയണ സംരക്ഷണ പ്രതിജ്ഞയും എടുത്തിരുന്നു. അധ്യാപക കോ-ഓർഡിനേറ്ററായ ഐ.കെ. വാസുദേവന്റെ മേൽനോട്ടത്തിലാണ് തടയണ നിർമിക്കുന്നത്.

January 19
12:53 2021

Write a Comment

Related News