സൂക്ഷിക്കുക, മുമ്പിൽ അപകടക്കെണിയുണ്ട് ഇവിടെ ജാഗ്രത ആവശ്യമാണ്...
വടകര: ‘കൈനാട്ടി ദേശീയപാതയോരം, അപകടക്കെണി മുമ്പിലുണ്ട്. ജീവൻ വേണമെങ്കിൽ ശ്രദ്ധിച്ചോളൂ...’- ഇങ്ങനെ ഒരു ബോർഡ് കണ്ടാൽ അദ്ഭുതപ്പെടാനില്ല. ദേശീയപാതയിൽ കൈനാട്ടിക്കും മടപ്പള്ളിക്കും ഇടയിൽ വാഹനാപകടങ്ങൾ പതിവ് കാഴ്ചയാകുന്നു.ഒരു വർഷത്തിനിടയിൽ ഒട്ടേറെ മനുഷ്യജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. ഒരാഴ്ച മുമ്പ് കെ.എസ്.ഇ.ബിക്ക് സമീപമുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടിരുന്നു. സിഗ്നൽകഴിഞ്ഞുള്ള ഭാഗമായതിനാൽ വാഹനങ്ങൾ അതിവേഗത്തിലാണ് ഓടികൊണ്ടിരിക്കുന്നത്. ഒട്ടേറെ മനുഷ്യജീവനുകൾ പൊലിഞ്ഞ ഈ ഭാഗത്ത് അധികൃതർ കാര്യക്ഷമമായി ഇടപെടേണ്ടതുണ്ട്. ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ല.കെ.എസ്.ഇ.ബി.ക്ക് അടുത്തായി റോഡിന് ഇരുവശവും ടാങ്കർലോറികൾ കൈയടക്കി വെച്ചിരിക്കുകയാണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നു. കൂടാതെ ഇവിടെ ഒരു പ്രൈമറി സ്കൂളും സ്ഥിതിചെയ്യുന്നുണ്ട്.റോഡ് മുറിച്ച് കടക്കാൻ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. വേഗത നിയന്ത്രിക്കാൻ ക്യാമറ സംവിധാനവും സ്ഥിരം ട്രാഫിക് പോലീസ് സേവനവും ഈ ഭാഗത്ത് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.ടാങ്കർ ലോറികൾ സ്ഥിരമായി റോഡ് സൈഡിൽ നിർത്തിയിടുക, അതിവേഗം, അശാസ്ത്രീയമായ റോഡ് വീതികൂട്ടൽ, മദ്യപിച്ച് വാഹനങ്ങൾ ഓടിക്കുക, ഡ്രൈവർമാരുടെ ഉറക്കം എന്നിവയെല്ലാം അപകടസാധ്യത വർധിക്കുന്നതിന് പ്രധാന കാരണങ്ങളാണ്. അതിനാൽ ട്രാഫിക് ബോധവത്‌കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഈ ഭാഗത്ത് എത്രയുംവേഗം മോട്ടോർ വാഹനവകുപ്പ് നടപ്പാക്കേണ്ടതുണ്ട്.
ശ്രീലഷ്മി സതീഷ്,
ആറാംക്ലാസ്, വൈക്കിലശ്ശേരി യു.പി. സ്കൂൾ
സീഡ് റിപ്പോർട്ടർ