SEED News

ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്‌കാരം എളമക്കര ഭവൻസ് വിദ്യാമന്ദിറിന്

കൊച്ചി: പ്രകൃതിയോടിണങ്ങി നിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ എളമക്കര ഭവൻസ് വിദ്യാമന്ദിറിന് ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരം.

പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം കനിവിന്റെ കൈത്താങ്ങൊരുക്കാനും മാതൃഭൂമി സീഡ് ക്ലബ്ബിലൂടെ സ്കൂളിനു കഴിഞ്ഞു.

കടലോളം സസ്യങ്ങൾ ഭൂമിയിൽ വളർത്താനുള്ള സീ ലീഫ് തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വരെ നീളുന്ന പദ്ധതി വൈവിധ്യമാണ് എളമക്കര ഭവൻസ് വിദ്യാമന്ദിറിനെ മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയം പുരസ്കാരത്തിന് അർഹമാക്കിയത്.

ഊർജ സംരക്ഷണം, ബാലാവകാശ സംരക്ഷണം, ആരോഗ്യ സുരക്ഷ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യാപിച്ചുകിടക്കുന്നതാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ. മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ 2020-21 വർഷത്തെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്.

രാമേശ്വരം കോളനിയിലെ തൊഴിൽ നഷ്ടമായ മത്സ്യത്തൊഴിലാളികൾക്ക് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പ്രകൃതി സ്നേഹികളായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെയും സുഗതകുമാരിയുടെയും പ്രൊഫ. സീതാരാമന്റെയും ഓർമയ്ക്കായി സ്മൃതിമരങ്ങൾ സ്കൂൾ അങ്കണത്തിൽ നട്ടു. കോവിഡ് പ്രതിരോധം യോഗയിലൂടെ എന്ന പദ്ധതി നടപ്പാക്കി.

കടലോളം സസ്യങ്ങൾ ഭൂമിയിൽ നടാനുള്ള സീ ലീഫ് പദ്ധതിയുടെ ആദ്യഘട്ടമായി രണ്ടായിരത്തോളം വൃക്ഷത്തൈകൾ നട്ടു. അടുക്കളത്തോട്ടം നിർമിച്ച് അതിൽനിന്നുള്ള പച്ചക്കറികൾ അർബുദ രോഗികൾക്ക് എത്തിച്ചുകൊടുത്തു. വംശനാശ ഭീഷണി നേരിടുന്നവ ഉൾപ്പെടെ നൂറോളം വൃക്ഷത്തൈകൾ സ്കൂളിൽ നട്ടു പരിപാലിച്ചു.

കോവിഡ് കാലത്തും സേവന സന്നദ്ധരായ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. ബാലാവകാശ സംരക്ഷണ ബോധവത്കരണത്തിന് വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. കയറിൽ നിന്നുള്ള ഉത്പന്ന നിർമാണം വ്യക്തമാക്കി കുട്ടികൾക്കായി ക്ലാസ് നടത്തി. ഫിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് കായികമത്സരങ്ങൾ ഓൺലൈനായി നടത്തി. ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിലേക്ക് എത്തിക്കാനുളള പ്രവർത്തനങ്ങൾ, ഔഷധ സസ്യ പ്രദർശനം എന്നിവ നടത്തി.

പ്രകൃതിയോടിണങ്ങി നിൽക്കുന്ന വാട്ടർ കാൻഡിൽ ഉണ്ടാക്കിയായിരുന്നു വിദ്യാർഥികളുടെ ഇത്തവണത്തെ ദീപാവലി ആഘോഷം. ഡിസംബർ പരിസ്ഥിതി മാസമായി ആചരിച്ചു. വിത്തുകൾ പരസ്പരം കൈമാറി. അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ ദാൻ ദീപ്തി പദ്ധതി തുടങ്ങി. മാലിന്യ സംസ്കരണ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ജൈവമണ്ണ് നിർമാണം, മാസ്ക് നിർമാണ പരിശീലനം, നിർമിച്ച മാസ്കുകളുടെ വിതരണം എന്നിവയും നടത്തി. സീഡ് പദ്ധതിയുടെ ഭാഗമായി നിരവധി വെബിനാറുകളും നടത്തി മൂന്ന് വാത്തകളെയും സ്കൂളിൽ പരിപാലിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ പ്രവർത്തനങ്ങൾക്കും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളുമെല്ലാം സീഡ് ക്ലബ്ബിന്റെ ഭാഗമായി കാര്യക്ഷമമായി നടത്തി.

സ്കൂൾ പ്രിൻസിപ്പൽ എസ്. സുനിത, വൈസ് പ്രിൻസിപ്പൽ എൻ. ജ്യോതി, കോ-ഓർഡിനേറ്റർമാരായ ബീന ജോർജ്, ടെസി ജോൺ, സുശീല ഗോപിനാഥ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തനങ്ങൾ.

May 05
12:53 2021

Write a Comment