SEED News

പ്രകൃതിയെ അറിഞ്ഞുള്ള പ്രവർത്തനം: മാതൃകയായി വിദ്യാർഥികൾ

കുപ്പപ്പുറം ഗവ. ഹൈസ്കൂളിന്‌ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ ഹരിതവിദ്യാലയം രണ്ടാംസ്ഥാനം

കുട്ടനാട്: കോവിഡ് കാലത്ത്‌ വീട്ടിലിരിക്കുമ്പോഴും കുട്ടികൾ പ്രകൃതിയെ മറന്നില്ല. പരിമിതികളിൽനിന്ന്‌ പ്രകൃതിസൗഹൃദപ്രവർത്തനങ്ങൾ തുടർന്നു. അത്തരം മികച്ച പ്രവർത്തനങ്ങളിലൂടെ കുപ്പപ്പുറം ഗവ. ഹൈസ്കൂളിന്‌ കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിതവിദ്യാലയം രണ്ടാംസ്ഥാനം നേടാനായി. കൈനകരി പഞ്ചായത്തിലെ ഹൈസ്കൂളിൽ 2020-21 വർഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ അവരുടെ പരിസരത്തുനിന്ന്‌ കളിമണ്ണ് ശേഖരിച്ച് മൺചെരാതുകൾ നിർമിച്ചു. ജൈവകൃഷി, വീട്ടിലൊരു പൂന്തോട്ടം, ബോട്ടിൽ ആർട്ട്, കരകൗശലവസ്തുക്കൾ, തുണിസഞ്ചി, മാസ്കുനിർമാണം, വിതരണം തുടങ്ങിയ പ്രവർത്തനങ്ങളുണ്ടായി.  ദിനാചരണങ്ങൾ ആചരിക്കുകയും ‘പ്രകൃതിസംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക്’ എന്ന വിഷയത്തെക്കുറിച്ച് വെബിനാർ സംഘടിപ്പിക്കുകയും ചെയ്തു. ‘സുസ്ഥിരജീവിതം ലോവർ കുട്ടനാട്ടിൽ’ എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിച്ചു. നിലവിൽ പാരിസ്ഥിതികാവബോധം, പ്രകൃതിസംരക്ഷണം എന്നിവയ്ക്ക് ഊന്നൽനൽകിയുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നു.
ബോധവത്കരണം, പ്രകൃതിസൗഹൃദം മൂന്നാംസ്ഥാനം തലവടി എ.ഡി. യു.പി.സ്കൂളിന്

കുട്ടനാട് വിദ്യാഭ്യാസജില്ലയിൽ മാതൃഭൂമി സീഡ് ഹരിതവിദ്യാലയം പുരസ്കാരത്തിന്റെ മൂന്നാംസ്ഥാനം തലവടി എ.ഡി. യു.പി.സ്കൂളിനാണ്. സാമൂഹികശീലങ്ങളിൽ മാറ്റംവരുത്തുന്നതിനായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കൊറോണയുടെ രൂക്ഷസമയത്ത് കുട്ടനാട്ടിലെ ഉൾപ്രദേശമായ ഊരുക്കരിയിൽ കൊറോണ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. പ്രദേശവാസികൾക്ക്‌ ആവശ്യമായ കിറ്റുകളും പലചരക്ക്, പച്ചക്കറിസാധനങ്ങളും എത്തിച്ചുകൊടുത്തു.
 കുട്ടികൾക്ക് സ്വന്തമായി വീട്ടിൽ ഒരു ലൈബ്രറി എന്ന ആശയം മുൻനിർത്തി തലവടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ കുട്ടികളുടെ വീടുകളിലെത്തി പുസ്തകങ്ങൾ കൈമാറി. ഊർജ ഉപയോഗം തടയുന്നതിനുവേണ്ടിയുള്ള സർവേ നടത്തി. സ്കൂളിലെ ഒരു വിദ്യാർഥി ചെടികൾക്ക് നനയ്ക്കുന്നതിന് ഡ്രിപ്പ് ഇറിഗേഷൻ ഉപയോഗിച്ചു. അത് ഫലപ്രദമായതോടെ മറ്റു കുട്ടികളിലേക്കും അവയെത്തിച്ച്‌ വൈദ്യുതോർജം ഒരുപരിധിവരെ ലാഭിക്കാൻ ശ്രമിച്ചു. ചിത്രശലഭ ഉദ്യാനത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽത്തന്നെ ചെറിയ ചെടികൾ നട്ട് ഉദ്യാനങ്ങൾ നിർമിക്കുകയും ആവശ്യമായ ചെടികൾ പരസ്പരം കൈമാറുകയും ചെയ്തു.


May 07
12:53 2021

Write a Comment

Related News