SEED News

കാടൊരുക്കാം, പ്രകൃതിയോട് ചേർന്നുനിൽക്കാം.

കൊച്ചി: ‘നഗരത്തിന്റെ ഇത്തിരിവട്ടത്തിൽ കാടൊരുക്കാൻ സ്ഥലമെവിടെ....’ വിദ്യാർഥിനിയായ ആഗ്ന ബാബുവിന്റെ സംശയമാണ്. കാടൊരുക്കാൻ വലിയ പറമ്പൊന്നും ആവശ്യമില്ലെന്ന് പച്ചപ്പിന്റെ പ്രചാരകനും പ്രകൃതിസ്നേഹിയുമായ ഐ.ബി. മനോജ്കുമാർ മറുപടി നൽകി.

കുട്ടിവനവും ഔഷധത്തോട്ടവും ശലഭോദ്യാനവുമെല്ലാം വീടിന്റെ ടെറസിൽ പോലും ഒരുക്കാം.

ഒരിഞ്ച് സ്ഥലം പോലും നഷ്ടപ്പെടുത്താതെ പച്ചപ്പ് നിറയ്ക്കാനാകും. വലിയ പ്ലാസ്റ്റിക് ബാഗുകളിലായി എല്ലാം നട്ടുവളർത്താം-മനോജ് ഉറപ്പുനൽകുന്നു.

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡും ഫെഡറൽ ബാങ്കുമായി ചേർന്ന് നടത്തിയ വെബിനാറായിരുന്നു വേദി. ‘ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ മനോജ്കുമാറുമായി സംവദിക്കാനെത്തിയത് ജില്ലയിലെ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരുമാണ്.

പ്ലാസ്റ്റിക് ബാഗുകൾക്കുള്ള ബദലും മനോജ് വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി. ഉപയോഗിച്ചു പഴകിയ ജീൻസും തുണിയുമെല്ലാം ചെടികൾ നടാനുള്ള സഞ്ചികളാക്കാം. മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും മതി നടീൽ മിശ്രിതം.

വിവിധ മരങ്ങളുടെയും ചെടികളുടെയുമെല്ലാം വിത്ത് ശേഖരിച്ച് മുളപ്പിച്ച് മറ്റുള്ളവർക്ക് നൽകുന്നുമുണ്ട് മനോജ്.

ശലഭോദ്യാനവും മുളങ്കാടും മതിലിന് പകരമായി ജൈവവേലിയുമെല്ലാം ഒരുക്കുന്നതിനെ കുറിച്ചെല്ലാം അദ്ദേഹം വിദ്യാർഥികളോട് വിശദീകരിച്ചു. 20 സ്കൂളുകളിൽനിന്നായി നൂറോളം വിദ്യാർഥികളും അധ്യാപകരുമാണ് പങ്കെടുത്തത്.

ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റും എറണാകുളം നോർത്ത് ബ്രാഞ്ച് ഹെഡുമായ എ.ജി. എഡ്വിൻ മുഖ്യ പ്രഭാഷണം നടത്തി. മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി. സിന്ധു സ്വാഗതം പറഞ്ഞു.

May 22
12:53 2021

Write a Comment

Related News