environmental News

ഇന്ന് അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനം .

ജൈവവൈവിദ്ധ്യം മാനവ വംശത്തിനെന്നു മാത്രമല്ല  എല്ലാ ജീവജാലങ്ങൾക്കും  ആവശ്യമാണ്. അതു കൊണ്ട് കരയിലും കടലിലും ഉള്ള ജൈവ വൈവിദ്ധ്യം നഷ്ടപ്പെടാതെ പരിസ്ഥിതിയെ സംരക്ഷിക്കണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഒരു പ്രത്യേക ചുറ്റളവിലുള്ള ആവാസ വ്യവസ്ഥയിൽ എത്ര തരം ജീവരൂപങ്ങൾ കാണപ്പെടുന്നു എന്നതാണ് ജൈവവൈവിദ്ധ്യം  എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഒരു പ്രത്യേക ഭൗമ കാലാവസ്ഥ വ്യവസ്ഥയിലേയോ ഭൂമിയിലെ ആകെയൊ ഉള്ള ജീവജാലങ്ങളുടെ വൈവിദ്ധ്യവും ആണ് . വൈവിദ്ധ്യം  നിറഞ്ഞ ഭൂമിയുടെ ജൈവ സമ്പത്ത് നശിക്കാതെ കാത്തുസൂക്ഷിച്ചേ മതിയാവൂ. നാം അധിവസിക്കുന്ന ലോകം ജൈവ വൈവിദ്ധ്യത്താൽ സമ്പന്നമാണ്. നമ്മുടെ തന്നെ ഇടപെടലുകളാണ് ഇവയെ നശിപ്പിക്കുന്നത്. ഓരോ ജീവിവർഗ്ഗവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആ പാരസ്പര്യം എന്ന ബന്ധമാണ് ഭൂമിയെ നിലനിർത്തിപ്പോരുന്നത്. ആവാസവ്യവസ്ഥയുടെ നിലനിൽപ്പ് പല തരം ജീവജാതികളുമായി കോർത്തിണക്കപ്പെട്ടിരിക്കുന്നു. ഭൂമിയിൽ ഇന്നു കാണപ്പെടുന്ന ജനിതകവസ്തുക്കളും ജീവഗണങ്ങളും പരിസ്ഥിതി വ്യവസ്ഥകളും ഉദ്ദേശം മൂന്ന് ദശലക്ഷം വർഷങ്ങളിലൂടെയുണ്ടായ പരിണാമം  മൂലം ഉളവായതാണ്. ജൈവമണ്ഡലത്തിലുള്ള സർവ ജീവജാലങ്ങളിലും ദൃശ്യമാകുന്ന അവർണ്ണനീയ വൈവിദ്ധ്യത്തെയാണ് ജൈവവൈവിദ്ധ്യം  എന്ന പദം അർത്ഥമാക്കുന്നത്. ജീവജാലങളുടെ വൈവിദ്ധ്യം  മനുഷ്യരാശിയുടെ നിലനിൽപ്പിന് അനിവാര്യമായ ഘടകമാണ്. ഓരോ ജീവിവർഗവും അതിന്റെ ജീവിതം ഏറ്റവും നല്ല നിലയിൽ നില നിർത്താൻ കണ്ടെത്തുന്ന ആ വാസസ്ഥലങ്ങളും വ്യത്യസ്തമാണ്. ഇങ്ങനെ ജീവവർഗ്ഗങ്ങളിലൂടെ അവയുടെ ജനിതക ഘടനയും ആവാസ വ്യവസ്ഥകളിലും കണ്ടുവരുന്ന സജാത്യ വൈജാത്യങ്ങൾ മുഴുവൻ ഉൾക്കൊള്ളുന്ന പദമാണ് ജൈവ വൈവിദ്ധ്യം . അത്യുന്നതങ്ങളിലെ പർവ്വത ശിഖരങ്ങൾ മുതൽ സമുദ്രാന്തർഭാഗത്തെ ആൽഗകൾവരെ ജൈവ വൈവിദ്ധ്യത്തിന്റെ ഭാഗമാണ്. ഭൂമണ്ഡലത്തിൽ ജീവൻ നിലനിൽക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കുന്ന ജൈവ വൈവിദ്ധ്യം  അനേകം വർഷം നീണ്ട പ്രക്രിയകളിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ്. ഓരോന്നിനും സംഭവിക്കുന്ന മാറ്റങ്ങളും ശോഷണവും ജീവജാല സമ്പത്തിൽ ഉണ്ടാകുന്ന കുറവും പ്രകൃതിയുടെ സന്തുലിതാവസ്ഥക്കും മാറ്റം സംഭവിക്കുകയും ചെയ്യുന്നു. പുനരുത്ഭവിപ്പിക്കുന്ന ജൈവ സമ്പത്ത് കരുതലോടെ ഉപയോഗിക്കുന്ന പക്ഷം അത് മനുഷ്യരാശിയെ എന്നെന്നും നിലനിർത്താനുപകരിക്കും. ഈ തിരിച്ചറിവാണ് ജൈവ വൈവിദ്ധ്യ  സംരക്ഷണം എന്ന ആശയം ഉടെലെടുത്തത്. അനേകം സസ്യങ്ങളും ജന്തുക്കളും എന്നന്നേക്കുമായി ഭൂമിയിൽ നിന്ന് നശിച്ചു പോയെന്നുള്ള തിരിച്ചറവിനെ അടിസ്ഥാനമാക്കി റെയ്മണ്ട്. എഫ്. ഡാസ്മാൻ  എന്ന വന്യജീവി ശാസ്ത്രജ്ഞൻ നടത്തിയ ഗവേഷണത്തിൽ നിന്ന് 1968 ൽ അദ്ദേഹം ലോകത്തിന് സമ്മാനിച്ച പദമാണ് ജൈവവൈവിധ്യം (ബയോളജിക്കൽ ഡൈവേഴ്സിറ്റി ). പിന്നീട് 1985 ൽ ഡബ്ലിയു.ജി.റോസനും, 1988 ൽ എഡ്വെർഡ്. ഒ. വിത്സണും തങ്ങളുടെ ജൈവ പരീക്ഷണ പ്രബന്ധങ്ങളിൽ പറയുകയും ഐക്യ രാഷ്ട്ര സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു  
1993 മുതലാണ് ജൈവവൈവിദ്ധ്യ  ദിനം ആചരിച്ചു തുടങ്ങിയത് അന്നുമുതൽ 1999 വരെ ഡിസംബർ 29 നാണ് ഈ ദിനം ആചരിച്ചു വന്നത്. 2000 ൽ അത് ഡിസംബർ 20-ന് ആചരിച്ചു. എന്നാൽ പിന്നീട് 1992 മേയ് 22 ന് നയ്റോബി സമ്മേളനത്തിൽ വച്ചാണ് ജൈവവൈവിദ്ധ്യ  സംരക്ഷണം എന്ന ആശയം വന്നത്. അതിനാൽ 2001 മുതൽ മെയ്യ് 22-ന് ഈ ദിനം ആചരിച്ചു തുടങ്ങി.
                           ഓരോ വർഷവും ഈ ദിനം ആചരിക്കുമ്പോൾ ഓരോ ആശയം മുൻ നിർത്തി പ്രവർത്തിക്കാൻ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നു. 2010 ജൈവ വൈവിദ്ധ്യ വർഷമായി ആചരിച്ചു. 2000 ൽ വനജൈവവൈവിദ്ധ്യ  സംരക്ഷണമാണ് ലക്ഷ്യം വച്ചത്. അതുപോലെ ജൈവവൈവിദ്ധ്യവും ഭക്ഷണവും ജലവും ആരോഗ്യവും എല്ലാവർക്കും, ജൈവവൈവിധ്യവും കാലാവസ്ഥാമാറ്റവും , ജൈവവൈവിധ്യവും കൃഷിയും, സമുദ്രവും ജൈവവൈവിധ്യവും, ജലവും ജൈവ വൈവിധ്യവും, ഇങ്ങനെ ഓരോ വർഷവും ഓരോ ആശയം. ജൈവ വൈവിധ്യ സംരക്ഷണത്തിനു വേണ്ടി തീരുമാനിച്ചു.
                  ജൈവ വൈവിധ്യമാർന്ന ഒരു ഭൂപ്രകൃതിയാണ് ഇന്ത്യയുടെ പശ്ചിമഘട്ട മേഖല. എന്നാൽ ഇവിടുത്തെ ജൈവ സമ്പത്ത് നശിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പഠനങ്ങളിൽ പറയുന്നത്. ലോക പൈതൃക ഭൂപടത്തിൽ പശ്ചിമഘട്ടത്തിന് അപൂർവ്വ സ്ഥാനമാണുള്ളത്. ഭാരതത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യ  സമ്പുഷ്ടമായ പ്രദേശങ്ങളിലൊന്നാണ് കേരളം. വന്യ ജൈവവൈവിദ്ധ്യത്താലും വീട്ടുവളപ്പിലെ കാർഷിക ജൈവവൈവിദ്ധ്യത്തിലും നമ്മുടെ നാട് മുന്നിലാണ്. തനതായ ഒട്ടേറെ ജീവജാലങ്ങളുടെ ഈറ്റില്ലമാണ് കേരളം. 2002 ലാണ് ജൈവ സമ്പത്ത് സംരക്ഷിക്കാൻ ഒരു നിയമം കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2005 ൽ കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ  ബോഡ് നിലവിൽ വന്നു. മനുഷ്യ ജീവിതത്തിൽ ജൈവ വൈവിദ്ധ്യത്തിനുള്ള പ്രാധാന്യം മനസ്സിലാക്കാൻ വേണ്ടിയും ബോധവൽക്കരണത്തിനു വേണ്ടിയും ആണ് ഈ ദിനം ആചരിക്കുന്നത്. ജൈവവൈവിദ്ധ്യം  മാറുന്ന ലോകത്തിന്റെ ജീവ പരിരക്ഷ എന്നതാണ് ഐക്യരാഷ്ട്ര സഭ വയ്ക്കുന്ന ആശയം. അതുകൊണ്ടു തന്നെ ഈ മഹാമാരി കാലത്തെങ്കിലും പ്രകൃതിയെയും ജൈവവൈവിധ്യങ്ങളെയും സുരക്ഷിക്കാനായി ഉണർന്ന് പ്രവർത്തിക്കാം.

ഗംഗാദേവി, നവ നിർമാൻ പബ്ലിക് സ്കൂൾ വാഴക്കാല 

May 22
12:53 2021

Write a Comment