SEED News

അഴീക്കോട്ട് കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങും -വനംമന്ത്രി

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലാമസംരക്ഷണ കേന്ദ്രം തുടങ്ങുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. അഴീക്കോട് ചാൽ ബീച്ചിലെ കടലാമസംരക്ഷണ പ്രവർത്തകരെ ആദരിക്കാനായി വനംവകുപ്പും ‘മാതൃഭൂമി’ സീഡും ചേർന്ന് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കടലാമസംരക്ഷണത്തിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ വനം വകുപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാതൃഭൂമി സീഡിന്റെ ‘കടലാമയ്ക്കൊരു കൈത്തൊട്ടിൽ’ പദ്ധതി ശ്ലാഘനീയമാണ് -അദ്ദേഹം പറഞ്ഞു.

കെ.ഷിജിൽ, സുധീർ അരിപ്പ, കെ.പ്രിയേഷ്, ഷിജിൻ തേനായി എന്നിവരെയാണ് ആദരിച്ചത്. ആയുർവേദ വകുപ്പ് ജീവനക്കാരൻ എ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.

മൂന്ന് ആമകൾ ഇട്ട മുട്ടകൾ സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ രണ്ട് ആമകളുടെ മുട്ടകൾ കടലേറ്റത്തെത്തുടർന്ന് നഷ്ടപ്പെട്ടിരുന്നു. കടലേറ്റത്തിൽനിന്ന്‌ ഇവർ കാത്ത മുട്ടകളാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക്, സാമൂഹിക വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ ജി.പ്രദീപ്, റേഞ്ച് ഓഫീസർമാരായ അരുണേശ്, വി.രതീശൻ എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മാതൃഭൂമി സിഡ് കോ ഓർഡിനേറ്റർ സി.സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. ബിജിഷ ബാലകൃഷ്ണൻ ചടങ്ങിന് നേതൃത്വം നൽകി.

May 31
12:53 2021

Write a Comment

Related News